പ്ലസ് വണ്‍ ക്ലാസുകളില്‍ പരിഷ്‌കരിച്ച പാഠപുസ്തകങ്ങള്‍ പ്രകാശനം ചെയ്യുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

Update: 2026-01-28 06:17 GMT

തിരുവനന്തപുരം: പ്ലസ് വണ്‍ ക്ലാസിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങള്‍ ഫെബ്രുവരി രണ്ടാം വാരം പ്രകാശനം ചെയ്യുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഭാഷാ വിഷയങ്ങള്‍, കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവ ഉള്‍പ്പെടെ 41 പുസ്തകങ്ങളാണ് പതിനൊന്നാം ക്ലാസിലേക്ക് തയാറാക്കിയിരിക്കുന്നത്. പ്രായോഗിക പഠനത്തിന് ഊന്നല്‍ നല്‍കിയുള്ള സമീപനമാണ് പുതിയ പുസ്തകങ്ങളില്‍ സ്വീകരിച്ചിട്ടുള്ളത്. ഒന്നു മുതല്‍ പത്താം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളുടെ പരിഷ്‌കരണം കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു.

പാഠപുസ്തക പരിഷ്‌കരണം ഇത്രയും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറി. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ആകെ 597 പാഠപുസ്തകങ്ങളാണ് തയാറാക്കിയത്. നിര്‍മാണം പൂര്‍ത്തിയായ 32 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 10നകം വിപുലമായ പരിപാടികളോടെ നടക്കും. പൊതുവിദ്യാഭ്യാസ മേഖലയില്‍ കെട്ടിട നിര്‍മാണത്തിനടക്കം നാലായിരം കോടിയിലധികം രൂപയുടെ കിഫ്ബി നിക്ഷേപമാണ് സാധ്യമാക്കിയത്. കിഫ്ബിക്ക് പുറമെ പ്ലാന്‍ ഫണ്ട്, നബാര്‍ഡ് ഫണ്ട്, ജനപ്രതിനിധികളുടെ ആസ്തിവികസന ഫണ്ട്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ട് എന്നിവയെല്ലാം വിദ്യാഭ്യാസ മേഖലയില്‍ വിനിയോഗിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനകം വിവിധ ഇനങ്ങളിലായി 5000 കോടി രൂപയിലധികം ചെലവിട്ട് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്.

പൊതുവിദ്യാലയങ്ങളില്‍ റോബോട്ടിക്‌സ് പഠനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മുഴുവന്‍ ഹൈസ്‌കൂളുകള്‍ക്കും കൈറ്റ് വഴി അഡ്വാന്‍സ്ഡ് റോബോട്ടിക് കിറ്റുകള്‍ നല്‍കും. ഫെബ്രുവരിയില്‍ 2,500 അഡ്വാന്‍സ്ഡ് കിറ്റുകളാണ് സ്‌കൂളുകളിലെ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകള്‍ വഴി ലഭ്യമാക്കുക. സംസ്ഥാനത്തെ സ്‌കൂളുകളില്‍ നേരത്തെ 29,000 റോബോട്ടിക് കിറ്റുകള്‍ കൈറ്റ് ലഭ്യമാക്കിയിരുന്നു.

Tags: