കര്‍ണാടകയില്‍ 17,969 ഏക്കര്‍ വഖഫ് സ്വത്തുക്കള്‍ കയ്യേറിയെന്ന് മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍
ബെംഗളൂരു: കര്‍ണാടകയില്‍ വഖഫ് ബോര്‍ഡിന് കീഴിലുള്ള 17,969 ഏക്കര്‍ വഖഫ് സ്വത്തുക്കള്‍ കൈയ്യേറിയിട്ടുണ്ടെന്ന് കര്‍ണാടക വഖഫ്, ന്യൂനപക്ഷ ക്ഷേമ മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍ നിയമസഭയില്‍ അറിയിച്ചു. മുസ് ലിം വിഭാഗത്തില്‍ നിന്നുള്ളവരാണ് കൈയ്യേറ്റക്കാരില്‍ അധികവുമെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. അഫ്സല്‍പൂര്‍ കോണ്‍ഗ്രസ് എംഎല്‍എ എം വൈ പാട്ടീലിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കൈയേറ്റങ്ങള്‍ നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തുടനീളം വഖഫ് അദാലത്തുകള്‍ നടത്തിയതായി അദ്ദേഹം പറഞ്ഞു.
'സംസ്ഥാനത്തുടനീളമുള്ള ആകെ വഖഫ് സ്വത്തുക്കള്‍ 1,12,860 ഏക്കറാണ്. അതില്‍ 20,054 ഏക്കര്‍ മാത്രമാണ് വഖഫ് ബോര്‍ഡിന്റെ കയ്യിലുള്ളത്. 17,969 ഏക്കര്‍ ഭൂമി കയ്യേറിയിട്ടുണ്ട്. 47,263 ഏക്കര്‍ ഇനാം അബോളിഷന്‍ ആക്ടിന് കീഴിലും, 23,627 ഏക്കര്‍ ഭൂപരിഷ്‌കരണ നിയമത്തിന് കീഴിലും പോയിട്ടുണ്ട്' മന്ത്രി സഭയില്‍ പറഞ്ഞു.
1,12,860 ഏക്കര്‍ വഖഫ് ഭൂമി സര്‍ക്കാര്‍ നല്‍കിയതല്ല. മറിച്ച് സ്വകാര്യ വ്യക്തികളും സംഘടനകളും സമൂഹത്തിന്റെ ക്ഷേമത്തിനായി നല്‍കിയതാണ്. വഖഫ് സ്വത്തുക്കളില്‍ കൂടുതലും മുസ് ലിം സമൂഹം തന്നെയാണ് കയ്യേറ്റം നടത്തിയിരിക്കുന്നത്. കയ്യേറ്റങ്ങള്‍ നീക്കം ചെയ്യുന്നതിനായി വഖഫ് അദാലത്തുകള്‍ നടത്തിയിരുന്നു. പക്ഷേ, ബിജെപി അതൊരു പ്രശ്‌നമാക്കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
