എന്റെ കുട്ടിക്ക് എന്ത് പേരിടണമെന്ന് ഭരിക്കുന്നവര്‍ തീരുമാനിച്ചാല്‍ മതിയോ?; ജെഎസ്‌കെ സിനിമ വിവാദത്തില്‍ മന്ത്രി സജി ചെറിയാന്‍
തിരുവനന്തപുരം: ജെഎസ്‌കെ സിനിമ വിവാദത്തില്‍ സര്‍ക്കാര്‍ സിനിമക്കാര്‍ക്കൊപ്പമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. കേന്ദ്രമന്ത്രിയായ ഒരാളാണ് സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. അയാള്‍ക്ക് പോലും താന്‍ അഭിനയിച്ച സിനിമ പുറത്തിറക്കാന്‍ പറ്റാത്ത അവസ്ഥയാണെങ്കില്‍ ബാക്കിയുള്ളവരുടേയൊക്കെ സ്ഥിതി എന്താകും എന്നും അദ്ദേഹം ചോദിച്ചു.
ഞാന്‍ എന്റെ കുട്ടിക്ക് എന്ത് പേരിടണമെന്ന് നാളെ ഭരിക്കുന്നവര്‍ തീരുമാനിച്ചാല്‍ മതിയോ എന്നും സജി ചെറിയാന്‍ ചോദിച്ചു. നമ്മുടെ നാട്ടില്‍ എന്തു കഴിക്കണം, എന്ത് ധരിക്കണം, എന്ത് പ്രസംഗിക്കണം, എന്തെഴുതണം എന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയാണ് ഇന്ത്യ ഭരിക്കുന്നവരുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. എന്തുതന്നെയായാലും സര്‍ക്കാര്‍ സിനിമ സംഘടനകള്‍ക്കൊപ്പമാണെന്നും മന്ത്രി വ്യക്തമാക്കി.
പ്രവീണ്‍ നാരായണന്റെ സംവിധാനത്തില്‍ റിലീസിനൊരുങ്ങുന്ന സിനിമയാണ് ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള. ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്. ജൂണ്‍ 12നാണ് ചിത്രം ഇസിനിമാപ്രമാണ്‍ പോര്‍ട്ടല്‍ വഴി സര്‍ട്ടിഫിക്കേഷനായി സമര്‍പ്പിച്ചത്. സിനിമയുടെ സെന്‍സര്‍ പ്രദര്‍ശനം ജൂണ്‍ 18ന് പൂര്‍ത്തിയായിരുന്നു. എന്നാല്‍ സിനിമയുടെ പേരിലെ ജാനകി ഹിന്ദു ദേവതയായ 'സീത'യെ പരാമര്‍ശിക്കുന്നുവെന്നും അത് മാറ്റണമെന്നും കാണിച്ച് പ്രദര്‍ശനാനുമതി തടയുകയായിരുന്നു. ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ കാലതാമസം നേരിട്ടാല്‍ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് കാണിച്ച് സിനിമയുടെ നിര്‍മാതാക്കള്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയതോടെ സിനിമ വിവാദത്തിനു തിരികൊളുത്തി.
അതേസമയം, ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള സിനിമയിലെ ജാനകി മാറ്റണമെന്ന സെന്‍സര്‍ബോര്‍ഡിന്റെ നിലപാടില്‍ ഹൈക്കോടതി ഇന്നലെ വിമര്‍ശനമുന്നയിച്ചിരുന്നു. ജാനകി ഒരു പേരല്ലേയെന്നും ജാനകി എന്ന പേരിന് എന്താണ് കുഴപ്പമെന്നുമാണ് കഴിഞ്ഞ ദിവസം, കോടതി സെന്‍സര്‍ബോര്‍ഡിനോട് ചോദിച്ചത്. മതപരമായ പേരാണ് ജാനകി എന്നും അതുകൂടാതെ സ്ത്രീകളെ സംബന്ധിക്കുന്ന തരത്തിലുള്ള പല വിഷയങ്ങളും സിനിമയിലുണ്ട് എന്നുമായിരുന്നു സെന്‍സര്‍ബോര്‍ഡിന്റെ വാദം. 16 വയസ്സില്‍ താഴേയുള്ള കുട്ടികള്‍ക്ക് സിനിമ കാണുന്നതില്‍ വിലക്കുണ്ടെന്നു ചൂണ്ടികാണിച്ച സെന്‍സര്‍ബോര്‍ഡിനോട് അങ്ങനെയെങ്കില്‍ അത്തരത്തിലുള്ള സര്‍ട്ടിഫിക്കറ്റ് സിനിമക്ക് നല്‍കാലോ, പിന്നെന്തിനാണ് കാരണം കാണിക്കല്‍ നോട്ടിസ് അടക്കമുള്ളവ കാണിച്ച് പ്രശ്‌നം സങ്കീര്‍ണമാക്കുന്നതെന്നും കോടതി ചോദിച്ചിരുന്നു.

