ഭാര്യയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് അപവാദ പ്രചാരണം; പരാതിയുമായി മന്ത്രി എം ബി രാജേഷ്

Update: 2026-04-08 04:28 GMT

പാലക്കാട്: തന്റെ ഭാര്യയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് അപവാദ പ്രചാരണം നടത്തുന്നുവെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ബി രാജേഷ്. സാമൂഹിക മാധ്യമങ്ങളില്‍ അതിരുവിട്ട രീതിയിലുള്ള വ്യക്തിഹത്യയാണ് നടക്കുന്നതെന്നും സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരേ നിയമപരമായി മുന്നോട്ട് പോകുമെന്നും എം ബി രാജേഷ് വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കാലത്ത് ഒരു പൊതുപ്രവര്‍ത്തകന്‍ ഇങ്ങനെയൊരു നടപടിയിലേക്ക് കടക്കുന്നത് ഇതാദ്യമായിട്ടായിരിക്കുമെന്നും കുടുംബത്തെ വേട്ടയാടുമ്പോള്‍ ഇതല്ലാതെ വേറെ വഴിയില്ലെന്നും രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെ നിയമപരമായി മുന്നോട്ട് നീങ്ങാന്‍ ഒരു ഐടി സെല്ലിനെയും അഭിഭാഷക സംഘത്തെയും നിയോഗിച്ചിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടം എത്തിയപ്പോള്‍ എല്ലാ പരിധിയും ലംഘിക്കുന്ന വ്യക്തിഹത്യയാണ് യുഡിഎഫ് നടത്തുന്നത്. കുടുംബത്തെയും അധിക്ഷേപിക്കുന്ന പ്രവര്‍ത്തിയാണ് നടത്തുന്നത്. ഇതിനെ നിയമപരമായി നേരിടാനാണ് തീരുമാനം. കഴിഞ്ഞ ദിവസങ്ങളില്‍ ഭാര്യയുടെ ചിത്രം വരെ ഉള്‍പ്പെടുത്തി വാട്സ്ആപ്പിലൂടെ അധിക്ഷേപ പ്രചരണം നടക്കുന്നു. അതിനെതിരേ ഡിജിപിക്കും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയെന്നും ഇത്തരം പ്രചരണങ്ങള്‍ അപ്രതീക്ഷിതമല്ലെന്നും മന്ത്രി പറഞ്ഞു.

Tags: