മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വയ്ക്കില്ല
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വയ്ക്കില്ല. മന്ത്രിസഭാ യോഗത്തിന് ശേഷം ഗണേഷ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഭാര്യ ബിന്ദുമേനോന്‍ ഉന്നയിച്ച വിവാദങ്ങളില്‍ കുടുംബ പ്രശ്നങ്ങള്‍ രാഷ്ട്രീയമല്ലെന്നാണ് ഗണേഷിന്റെ നിലപാട്. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് ഗണേഷ് കുമാര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. മന്ത്രി ഗണേഷ് കുമാറിന് എതിരായ പരാതി മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായില്ല. രാജി അഭ്യൂഹം മാധ്യമങ്ങള്‍ ഉണ്ടാക്കിയതാണെന്ന് കെ ബി ഗണേഷ് കുമാര്‍ പ്രതികരിച്ചു.
ഭാര്യ ബിന്ദു മേനോന്‍ നടത്തിയ തുറന്നുപറച്ചിലിന് പിന്നാലെ മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജിവച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഇതോടെയാണ് ഗണേഷ്‌കുമാര്‍ നേരിട്ട് അനുനയനീക്കം നടത്തിയത്. ഇന്ന് രാവിലെ തന്നെ ഫോണില്‍ വിളിച്ച ഗണേഷ്‌കുമാര്‍ മാപ്പ് പറഞ്ഞെന്നും പോലിസില്‍ പരാതി നല്‍കാനില്ലെന്നും ബിന്ദുമേനോന്റെ വിശദീകരണം. ഇന്നലെ താന്‍ നടത്തിയത് വൈകാരിക പ്രതികരണമെന്നും തമ്മില്‍ സംസാരിച്ച് എല്ലാം പരിഹരിക്കാമെന്ന് ഗണേഷ്‌കുമാര്‍ ഉറപ്പ് നല്‍കിയെന്നും ബിന്ദു മേനോന്‍ പറഞ്ഞു. മന്ത്രിയെ വീട്ടില്‍ കാണാന്‍ കഴിയാത്ത രീതിയില്‍ കണ്ടെന്നും ഇതിന്റെ തെളിവുകള്‍ കൈവശമുണ്ടെന്നുമായിരുന്നു ഭാര്യ ബിന്ദു മേനോന്റെ ഇന്നലത്തെ വെളിപ്പെടുത്തല്‍.
പിണറായി സര്‍ക്കാരിന് ഏറ്റവും വലിയ നേട്ടമായി പറയുന്നത് സ്ത്രീപക്ഷ നിലപാടുകളാണ്. എന്നാല്‍ ഗണേഷിനെ മന്ത്രിസഭയില്‍ ഇരുത്തിക്കൊണ്ട് മുഖ്യമന്ത്രിക്ക് ആ സ്ത്രീപക്ഷ അവകാശ വാദം ആവര്‍ത്തിക്കാനാകില്ല. വീട്ടില്‍ കയ്യേറ്റമടക്കമുണ്ടായെന്ന 112 വിളിച്ച് മന്ത്രിയുടെ ഭാര്യ പരാതിപ്പെട്ടപ്പോള്‍ വന്ന പോലിസ് ഒരു നടപടിയും എടുത്തില്ല. ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് പോലിസ് ഒഴിഞ്ഞു. മുഖ്യമന്ത്രിയുടെ മകളെ വിവരം അറിയിച്ചെന്ന വെളിപ്പെടുത്തലുമുണ്ടായി. പരാതി ഒത്തുതീര്‍പ്പാക്കുമ്പോഴും ഒരു ഇടപെടലുമുണ്ടായില്ലെന്ന പ്രശ്‌നം നിലനില്‍ക്കുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാല്‍സംഗക്കേസുകളില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് നടപടികള്‍ വേഗത്തിലാക്കിയ സര്‍ക്കാര്‍ ഗണേഷിന്റെ വിഷയത്തില്‍ എന്ത് ചെയ്‌തെന്ന ചോദ്യം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രതിപക്ഷം ഉയര്‍ത്തും. പത്തനാപുരത്ത് ഗണേഷിന്റെ സ്ഥാനാര്‍ഥിത്വം വരുമ്പോഴുമൊക്കെ ഇടത് നിലപാട് ചോദ്യം ചെയ്യപ്പെടും. അതേസമയം ഗണേഷ് കുമാര്‍ മന്ത്രിയായി തുടരുന്നതില്‍ മുന്നണിയില്‍ സിപിഐയ്ക്ക് ഉള്‍പ്പടെ എതിര്‍പ്പുണ്ട്.
