മിനിമം വേതനം ഉയര്‍ത്തണം; സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നാളെ പണിമുടക്കും
ഏറ്റവും കുറഞ്ഞ വേദനം 40,000 രൂപയാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണ് യുഎന്‍എയുടെ നേതൃത്വത്തില്‍ സൂചനാ പണിമുടക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലേ നഴ്‌സുമാര്‍ നാളെ പണിമുടക്കും. ഏറ്റവും കുറഞ്ഞ വേദനം 40,000 രൂപയാക്കി വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടേയുള്ള വിവിധ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലേ നഴ്‌സുമാര്‍ നാളെ സൂചനാ പണിമുടക്ക് നടത്തുന്നത്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുന്നില്ലെന്നും മിനിമം വേതനം ഉയര്‍ത്തുന്നതിനായി നാളത്തെ സൂചന പണിമുടക്കിനുശേഷം കൂടുതല്‍ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും യുഎന്‍എ ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ ഷാ വ്യക്തമാക്കി.
പണിമുടക്ക് ദിവസം തൃശൂരില്‍ അവകാശ പ്രഖ്യാപന സമ്മേളനം നടക്കും. ഏറ്റവും കുറഞ്ഞ വേദനം 40,000 രൂപയാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണ് സൂചനാ പണിമുടക്ക്. ആവശ്യങ്ങള്‍ ഉന്നയിച്ച് പണിമുടക്ക് നടത്തുമെങ്കിലും നാളെ മൂന്നില്‍ ഒന്ന് ജീവനക്കാര്‍ ജോലിക്ക് കയറും. ബാക്കിയുള്ളവര്‍ സൂചനാ സമരത്തില്‍ പങ്കെടുക്കും. നിലവില്‍ 20,000 രൂപയാണ് ഏറ്റവും കുറഞ്ഞ വേതനം. വര്‍ഷങ്ങളായി ശമ്പള പരിഷ്‌കരണം ഉണ്ടായില്ല. അതിനാല്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് സംഘടന ആവശ്യപ്പെട്ടു. സംസ്ഥാനത്തെ നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുന്നില്ലെന്ന് യുഎന്‍എ ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ ഷാ ആരോപിച്ചു.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കിടെ ശസ്ത്രക്രിയ ഉപകരണം വീട്ടമ്മയുടെ വയറ്റില്‍ അകപ്പെട്ട സംഭവം സിസ്റ്റത്തിന്റെ പിഴവാണെന്ന് ജാസ്മിന്‍ ഷാ ആരോപിച്ചു. നഴ്‌സുമാരും രോഗികളും തമ്മിലുള്ള അനുപാതം പാലിച്ചാലെ പ്രശ്‌നം തീരുകയുള്ളുവെന്ന് ജാസ്മിന്‍ ഷാ പറഞ്ഞു. എല്ലാ ഉത്തരവാദിത്തവും ഡോക്ടര്‍മാര്‍ അവസാനം നഴ്‌സുമാരുടെ തലയിലിടുകയാണെന്നും ജാസ്മിന്‍ ഷാ കുറ്റപ്പെടുത്തി.
