പാല്‍ തണുപ്പിച്ച് സൂക്ഷിക്കണം; ഉപഭോക്താക്കള്‍ക്ക് നിര്‍ദേശങ്ങളുമായി മില്‍മ
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ ചൂട് ശക്തമായ സാഹചര്യത്തില്‍ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങളുമായി മില്‍മ. ശരിയായ രീതിയില്‍ ശീതീകരിച്ച് സൂക്ഷിക്കാത്ത കവര്‍ പാലും തൈറും പിരിഞ്ഞുപോകാന്‍ സാധ്യതയുള്ളതിനാല്‍ 4 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ സൂക്ഷിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. കടകളില്‍ പുറത്തുവച്ചിരിക്കുന്ന പാല്‍ വാങ്ങുന്നത് വേഗത്തില്‍ കേടാകാന്‍ ഇടയാക്കുമെന്നും മുന്നറിയിപ്പ് നല്‍കി. പാല്‍ ശീതീകരിച്ച് സൂക്ഷിക്കുന്ന കാര്യത്തില്‍ മില്‍മ ബൂത്ത് ഏജന്റുമാര്‍, വിതരണക്കാര്‍, കച്ചവടക്കാര്‍, ഉപഭോക്താക്കള്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
യാത്രയ്ക്കിടെ പ്ലാസ്റ്റിക് കവറുകളിലോ ബാഗുകളിലോ വായുസഞ്ചാരമില്ലാതെ പാല്‍ കവറുകള്‍ ദീര്‍ഘസമയം സൂക്ഷിക്കുന്നത് ഒഴിവാക്കണം. കവര്‍ പാല്‍ റഫ്രിജറേറ്ററിലെ ചില്‍ഡ് വിഭാഗത്തില്‍ സൂക്ഷിക്കേണ്ടതും ഫ്രീസറില്‍ വെക്കരുതെന്നും നിര്‍ദേശിച്ചു. പാല്‍ കൈകാര്യം ചെയ്യുമ്പോള്‍ ശുചിത്വം പാലിക്കണമെന്നും മണം, രുചി എന്നിവയില്‍ വ്യത്യാസം അനുഭവപ്പെട്ടാല്‍ ഉപയോഗിക്കരുതെന്നും അറിയിച്ചു. ശീതീകരണം നിര്‍ബന്ധമില്ലാത്ത മില്‍മയുടെ യുഎച്ച്ടി ലോങ് ലൈഫ് പാല്‍ ഉപയോഗിക്കുന്നതും ഒരു പരിഗണനയായി അധികൃതര്‍ നിര്‍ദേശിക്കുന്നു.