മിഗ്-21 വ്യോമസേനയില്‍ നിന്ന് അരങ്ങൊഴിയുന്നു; ചണ്ഡീഗണ്ഡില്‍ വിപുലമായ ചടങ്ങ്
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സൈനിക വ്യോമയാന ചരിത്രത്തില്‍ മഹത്തായ അധ്യായം രചിച്ച രാജ്യത്തെ ആദ്യത്തെ സൂപ്പര്‍സോണിക് യുദ്ധവിമാനവും ഇന്റര്‍സെപ്റ്റര്‍ വിമാനവുമായ മിഗ്-21 സേനയില്‍ നിന്ന് അരങ്ങൊഴിയുന്നു. ചണ്ഡീഗഡില്‍ നടക്കുന്ന ചടങ്ങില്‍, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ഉന്നത സൈനിക നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
നിലവില്‍ ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. ഇന്ത്യയിലെ ഏഴാമത്തെ വനിതാ യുദ്ധവിമാന പൈലറ്റായ സ്‌ക്വാഡ്രണ്‍ ലീഡര്‍ പ്രിയ ശര്‍മ്മയ്ക്കൊപ്പം അവസാന വിമാനം പറത്തി എയര്‍ ചീഫ് മാര്‍ഷല്‍ എ പി സിങും ചടങ്ങില്‍ പങ്കാളിയായി.
ഇന്ത്യന്‍ വ്യോമസേനയുടെ ആദ്യ സൂപ്പര്‍ സോണിക് വിമാനമായിരുന്നു മിഗ് 21. 1963ല്‍ ഇന്ത്യന്‍ സേനയുടെ ഭാഗമായ മിഗ് 21 വിമാനങ്ങള്‍ക്ക് 62 വര്‍ഷം നീണ്ട സേവനമാണുള്ളത്.
1971 ബംഗ്ലാദേശ് യുദ്ധത്തിലും 1999 ലെ കാര്‍ഗില്‍ യുദ്ധത്തിലുമെല്ലാം ഇവ നിര്‍ണായക സാന്നിധ്യമായിരുന്നു. 2017 നും 2024 നും ഇടയില്‍ മിഗ് 21ന്റെ 4 സ്‌ക്വാഡ്രനുകള്‍ വിരമിച്ചിരുന്നു. വാസ്തവത്തില്‍, 2006 വരെ ഇന്ത്യന്‍ വ്യോമസേനയെ തമാശയായി 'മിഗ് എയര്‍ഫോഴ്‌സ്' എന്നാണ് വിളിച്ചിരുന്നത്, മിഗ്-21, 23, 25, 27, 29 എന്നീ അഞ്ച് വകഭേദങ്ങള്‍ ഒരേസമയം സേവനത്തിലുണ്ടായിരുന്നു.
