മെക്‌സിക്കന്‍ നാവികസേനയുടെ വിമാനം തകര്‍ന്നു; അഞ്ചു പേര്‍ മരിച്ചു

Update: 2025-12-23 05:34 GMT

ഗാല്‍വെസ്റ്റണ്‍: ടെക്‌സസിലെ ഗാല്‍വെസ്റ്റണിന് സമീപം മെക്‌സിക്കന്‍ നാവികസേനയുടെ ചെറുവിമാനം തകര്‍ന്നുവീണു. അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. രോഗിയുമായി യാത്ര ചെയ്യുകയായിരുന്ന വിമാനത്തിലാണ് അപകടമുണ്ടായത്. എട്ടുപേരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് മെക്‌സിക്കന്‍ നാവികസേന അറിയിച്ചു. വിമാനത്തിലുണ്ടായിരുന്നവരില്‍ നാലുപേര്‍ നാവികസേനാ ഉദ്യോഗസ്ഥരാണെന്നും മറ്റ് നാലുപേരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നതായി അധികൃതര്‍ വ്യക്തമാക്കി. ആരൊക്കെയാണ് മരിച്ചതെന്ന് വ്യക്തമല്ല.

അപകടത്തിന് പിന്നാലെ ടെക്‌സസ് തീരപ്രദേശത്തെ കടലില്‍ വ്യാപകമായ തെരച്ചില്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ഗുരുതരമായി പൊള്ളലേറ്റ മെക്‌സിക്കന്‍ കുട്ടികള്‍ക്ക് സഹായം നല്‍കുന്ന 'മിച്ചൗ ആന്‍ഡ് മൗ ഫൗണ്ടേഷന്‍' എന്ന സംഘടനയിലെ രണ്ട് അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നുവെന്നാണ് റിപോര്‍ട്ട്. അപകടകാരണം അന്വേഷിച്ചുവരികയാണെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ഹ്യൂസ്റ്റണില്‍ നിന്ന് ഏകദേശം 50 മൈല്‍ തെക്കുകിഴക്കായി ഗാല്‍വെസ്റ്റണിന് സമീപമുള്ള കോസ്‌വേ പ്രദേശത്താണ് ഇന്നലെ ഉച്ചകഴിഞ്ഞ് വിമാനം തകര്‍ന്നുവീണത്. പ്രാദേശിക അതോറിറ്റികളെ തെരച്ചിലില്‍ സഹായിക്കുന്നതായി മെക്‌സിക്കന്‍ നാവികസേന അറിയിച്ചു.

ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍, നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് എന്നിവയുടെ സംഘങ്ങള്‍ അപകടസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതായി ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി അറിയിച്ചു. പ്രശസ്തമായ ബീച്ച് വിനോദസഞ്ചാര കേന്ദ്രമായ ഗാല്‍വെസ്റ്റണ്‍ മേഖലയിലുണ്ടായ കാലാവസ്ഥാ സാഹചര്യങ്ങള്‍ അപകടത്തിന് കാരണമായിട്ടുണ്ടോയെന്നത് വ്യക്തമല്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നുണ്ടെന്നും ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ ദൃശ്യപരത ഗണ്യമായി കുറഞ്ഞതായും നാഷണല്‍ വെതര്‍ സര്‍വീസിലെ കാലാവസ്ഥാ നിരീക്ഷകന്‍ കാമറൂണ്‍ ബാറ്റിസ്റ്റ് പറഞ്ഞു.

Tags: