നിക്ഷേപ തട്ടിപ്പുകള്‍ ലക്ഷ്യമിട്ടത് കൂടുതലും ഇന്ത്യക്കാരെ; 23,000ത്തിലധികം വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ

Update: 2025-05-08 08:35 GMT
നിക്ഷേപ തട്ടിപ്പുകള്‍ ലക്ഷ്യമിട്ടത് കൂടുതലും ഇന്ത്യക്കാരെ; 23,000ത്തിലധികം വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ

ന്യൂഡല്‍ഹി: നിക്ഷേപ തട്ടിപ്പുകളുമായി ബന്ധപ്പെട്ട 23,000ത്തിലധികം വ്യാജ ഫേസ്ബുക്ക് പേജുകളും അക്കൗണ്ടുകളും നീക്കം ചെയ്ത് മെറ്റ. ബ്രസീലിലെയും ഇന്ത്യയിലെയും ആളുകളെ ലക്ഷ്യമിട്ടുള്ള 23,000-ത്തിലധികം ഫേസ്ബുക്ക് പേജുകളും അക്കൗണ്ടുകളുമാണ് മെറ്റ നീക്കം ചെയ്തത്.

'നിക്ഷേപ ഉപദേശ'ത്തിനായുള്ള മെസേജിംഗ് ആപ്പുകളിലേക്കും, ചില സന്ദര്‍ഭങ്ങളില്‍, ഗൂഗിള്‍ പ്ലേ സ്റ്റോറിനെ അനുകരിച്ച് വാതുവെപ്പ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന വ്യാജ വെബ്സൈറ്റിലേക്കും തട്ടിപ്പുകാര്‍ ആളുകളെ എത്തിച്ചെന്ന് മെറ്റ അറിയിച്ചു. ക്രിപ്റ്റോകറന്‍സി, റിയല്‍ എസ്റ്റേറ്റ് അല്ലെങ്കില്‍ ഷെയറുകള്‍ പോലുള്ള ആസ്തികളില്‍ വേഗത്തിലും എളുപ്പത്തിലും വരുമാനം വാഗ്ദാനം ചെയ്ത് കൊണ്ടാണ് പലപ്പോഴും ആളുകളിലേക്ക് സന്ദേശങ്ങള്‍ എത്തുക. കൂടുതല്‍ സമ്പത്ത് ഉണ്ടാക്കുക എന്ന വാഗ്ദാനത്തില്‍ കുടുങ്ങുന്നവര്‍ക്ക് ഉള്ള പണം കൂടി ഇതു വഴി നഷ്ടപ്പെടും. ഡീപ് ഫെയ്ക്ക് വിഡിയോകള്‍ ഉപയോഗിച്ചും ഇത്തരത്തില്‍ വലിയ രീതിയില്‍ തട്ടിപ്പ് നടക്കുന്നുണ്ട്.

തട്ടിപ്പില്‍ വീഴാതിരിക്കാനുള്ള അവബോധം പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, ഓണ്‍ലൈനില്‍ നിക്ഷേപ, പേയ്മെന്റ് തട്ടിപ്പുകള്‍ തിരിച്ചറിയാനും അവയില്‍ നിന്ന് സ്വയം പരിരക്ഷിക്കാനും ആളുകളെ സഹായിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും കമ്പനി പങ്കു വച്ചു.

ഇതുകൂടാതെ, മെറ്റയുടെ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവയിലുടനീളം ലഭ്യമായ സുരക്ഷാ ഉപകരണങ്ങളും ഇത്തരം തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ ആളുകളെ സഹായിക്കുന്നുണ്ട്. മെസഞ്ചറിലെ മുന്നറിയിപ്പുകള്‍ ഉള്‍പ്പെടെ, ഇത്തരം വഞ്ചനാപരമായ ശ്രമങ്ങളെ പ്രതിരോധിക്കുന്നതില്‍ ഫലപ്രദമാകുന്ന അതിന്റെ ആന്റി-സ്‌കാം ടൂളുകളും മെറ്റ വിശദീകരിച്ചു. ഡിജിറ്റല്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി ഇന്ത്യന്‍ അധികാരികളുമായും സിവില്‍ സമൂഹവുമായും അടുത്ത് പ്രവര്‍ത്തിക്കുന്നത് തുടരുമെന്ന് മെറ്റ വ്യക്തമാക്കി.

Tags:    

Similar News