''പുതു തലമുറയുടെ മാനസികാവസ്ഥ അസ്വസ്ഥതയുണ്ടാക്കുന്നത്; മാതാപിതാക്കള്‍ സൂക്ഷ്മമായി നിരീക്ഷിക്കണം'': ഹൈക്കോടതി; പുതുവര്‍ഷ ആഘോഷത്തിന് പണം നല്‍കാത്തതിന് അമ്മയെ കുത്തിയ പ്രതിക്ക് ജാമ്യം, മകന് ജാമ്യം നല്‍കണമെന്ന അമ്മയുടെ ആവശ്യം അംഗീകരിച്ചു
കൊച്ചി: പുതുതലമുറയുടെ മാനസികാവസ്ഥ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും മാതാപിതാക്കള്‍ അവരെ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും ഹൈക്കോടതി. ന്യൂഇയര്‍ ആഘോഷത്തിന് പണം നല്‍കാത്തതിന് മാതാവിനെ കുത്തിപരിക്കേല്‍പ്പിച്ച മകന് ജാമ്യം അനുവദിച്ച വിധിയിലാണ് ഹൈക്കോടതി നിരീക്ഷണം. 25കാരനായ മകന് ജാമ്യം നല്‍കണമെന്ന് മാതാവും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്.
''നമ്മുടെ രാജ്യത്തെ യുവാക്കളുടെ മാനസികാവസ്ഥ അത്ഭുതപ്പെടുത്തുന്നതും അസ്വസ്ഥത ഉളവാക്കുന്നതുമാണ്. പുതുവത്സരാഘോഷത്തിന് പണം നല്‍കാത്തതിന്, ഹരജിക്കാരന്‍ സ്വന്തം അമ്മയെ ആക്രമിക്കുകയും ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു....യുവ തലമുറയെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. അവര്‍ നല്ല ആളുകളുമായി ബന്ധം സ്ഥാപിക്കുന്നുണ്ടെന്ന് സമൂഹവും മാതാപിതാക്കളും ഉറപ്പാക്കണം.''-കോടതി പറഞ്ഞു.
ന്യൂഇയര്‍ ആഘോഷത്തിന് പണം നല്‍കാത്തതിന് നടത്തിയ ആക്രമണത്തില്‍ മാതാവിന്റെ ശരീരത്തില്‍ 12 മുറിവുകളുണ്ടായി. അതുകൊണ്ടുതന്നെ വധശ്രമമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലിസ് കേസെടുത്തിരുന്നത്. ജനുവരി ഒന്നുമുതല്‍ ജയിലില്‍ ആണെന്ന് പറഞ്ഞാണ് മകന്‍ ജാമ്യത്തിനായി ഹൈക്കോടതിയില്‍ എത്തിയത്. പരാതിയില്ലെന്ന് മാതാവ് പറഞ്ഞാല്‍മാത്രമേ ജാമ്യം അനുവദിക്കൂ എന്ന് കോടതി അറിയിച്ചപ്പോള്‍ ജാമ്യം അനുവദിക്കുന്നതിന് എതിര്‍പ്പില്ലെന്നുകാട്ടി അമ്മ സത്യവാങ്മൂലം ഫയല്‍ചെയ്തു. കാര്യം പരിശോധിക്കാനെത്തിയ അന്വേഷണ ഉദ്യോഗസ്ഥനോട് അമ്മയ്ക്ക് ഇത്രയേ പറയാനുണ്ടായിരുന്നുള്ളൂ: ''എന്റെ മകന്‍ ജയിലില്‍ക്കഴിയുന്നത് ഒരമ്മ എന്നനിലയ്ക്ക് എനിക്ക് സഹിക്കാന്‍പറ്റുന്നില്ല...''
ദൗര്‍ഭാഗ്യവതിയായ അമ്മയുടെ കണ്ണീരുകലര്‍ന്ന വാക്കുകളാണിതെന്ന് അഭിപ്രായപ്പെട്ട ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പ്രതിയ്ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. ഉണങ്ങാത്ത മുറിവുകളുടെ വേദനപോലും മാതൃസ്‌നേഹത്താല്‍ അവര്‍ മറന്നിരിക്കാം. പനിനീര്‍പ്പൂപോലെയാണ് അമ്മയുടെ സ്‌നേഹം, അതെപ്പോഴും ശോഭിച്ചുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാതാവ് എന്തെങ്കിലും പരാതി ഉന്നയിച്ചാല്‍ ബന്ധപ്പെട്ട കോടതിക്ക് ജാമ്യം റദ്ദാക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
