തെലങ്കാന മുന്‍ മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കിയ ആള്‍ കൊല്ലപ്പെട്ടു

Update: 2025-02-21 05:06 GMT

ഹൈദരാബാദ്: തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെതിരെ അഴിമതിക്കേസ് ഫയല്‍ ചെയ്തയാള്‍ കൊല്ലപ്പെട്ടു. ജയശങ്കര്‍ ഭൂപല്‍പള്ളി ജില്ലയിലെ എന്‍ രാജലിംഗമൂര്‍ത്തിയാണ് കുത്തേറ്റുകൊല്ലപ്പെട്ടത്.

അഴിമതിക്കേസില്‍ ഹൈക്കോടതി വാദം കേള്‍ക്കാനിരിക്കെയാണ് കൊലപാതകം. കെ ചന്ദ്രശേഖര്‍ റാവു കലേശ്വരം ജലസേചന പദ്ധതിയില്‍ അഴിമതി നടത്തിയെന്നാണ് രാജലിംഗമൂര്‍ത്തിയുടെ പരാതി പറയുന്നത്. റാവുവമായി അടുത്തബന്ധമുള്ള ഭാരത രാഷ്ട്ര സമിതി നേതാവും മുന്‍ എംഎല്‍എയുമായ വെങ്കട്ടരാമന്‍ റെഡ്ഡിയുടെ നിര്‍ദേശപ്രകാരമാണ് കൊലയെന്ന് രാജലിംഗമൂര്‍ത്തിയുടെ ഭാര്യ എന്‍ സരള ആരോപിച്ചു. പരാതി പിന്‍വലിച്ചാല്‍ പത്തുലക്ഷം രൂപ നല്‍കാമെന്ന് നേരത്തെ വാഗ്ദാനമുണ്ടായിരുന്നതായും സരള പറഞ്ഞു. എന്നാല്‍, ആരോപണം വെങ്കട്ടരാമന്‍ റെഡ്ഡി തള്ളി. കൊലപാതകത്തില്‍ ചന്ദ്രശേഖര്‍ റാവുവിന്റെ ബിആര്‍എസ് പാര്‍ട്ടിക്കുള്ള പങ്ക് വെളിവായെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.