തിരുവനന്തപുരം: പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും ലഹരിമരുന്നു വില്‍പ്പനക്കാരിയാക്കുകയും ചെയ്ത രണ്ടാനഛനെ 55 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. മാറനല്ലൂര്‍ സ്വദേശിയേയാണ് തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിര്‍ള ശിക്ഷിച്ചത്. പ്രതി പെണ്‍കുട്ടിക്ക് 40,000 രൂപയും നല്‍കണം. 2019-20ലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്. കുട്ടി ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അമ്മയെ പ്രതി വിവാഹം കഴിച്ചത്. നാഗര്‍കോവിലില്‍ വാടകയ്ക്കു താമസിക്കുമ്പോള്‍ അമ്മ വീട്ടില്‍ ഇല്ലാത്ത സമയത്തു പ്രതി കുട്ടിയെ പീഡിപ്പിച്ചു. പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി. ഇതിനു പിന്നാലെ ആന്ധ്രയിലെ വിശാഖപട്ടണത്ത് കൊണ്ടുപോയി പീഡിപ്പിച്ചു. ലഹരിമരുന്ന് കച്ചവടത്തിനു വേണ്ടിയാണ് പ്രതി മറ്റു സംസ്ഥാനങ്ങളില്‍ പോയത്. കുട്ടിയെ അമ്മയും ഭീഷണിപ്പെടുത്തി ലഹരിമരുന്നു കച്ചവടത്തിനു വിടുമായിരുന്നു. അച്ഛനെയും ചെറിയഛനേയും ഫോണില്‍ വിളിച്ച് പീഡനവിവരം പറയാന്‍ കുട്ടി ശ്രമിച്ചപ്പോള്‍ പ്രതി ഭീകരമായി മര്‍ദിച്ചു. തിരുവനന്തപുരത്ത് തിരുമലയില്‍ താമസിക്കാന്‍ വന്ന ശേഷവും പീഡനം തുടര്‍ന്നു. തുടര്‍ന്ന് കുട്ടി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. ബന്ധുക്കളാണ് വിവരം പോലിസിനെ അറിയിച്ചത്. പ്രതി മുമ്പ് ഒരു കൊലക്കേസിലും പ്രതിയാണ്.