എടിഎം കൗണ്ടറില്‍ 16കാരിക്കെതിരെ പീഡനശ്രമം; പ്രതി പിടിയില്‍

Update: 2025-08-22 14:48 GMT

കൊല്ലം: എടിഎം കൗണ്ടറില്‍ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 45 കാരന്‍ പിടിയില്‍. കൊല്ലം മയ്യനാട് സ്വദേശി അനിരുദ്ധനെയാണ് പള്ളിക്കല്‍ പോലിസ് പോക്‌സോ നിയമപ്രകാരമുള്ള കേസില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരം മടവൂര്‍ ജംഗ്ഷനില്‍ എടിഎമ്മില്‍ പണം എടുക്കാന്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. ആദ്യ എടിഎമ്മില്‍ പണമില്ലാത്തതിനാല്‍ അനിരുദ്ധന്‍ പെണ്‍കുട്ടിയെ സമീപിച്ച് അടുത്ത എടിഎമ്മിലേക്ക് കൊണ്ടുപോയി. തൊട്ടടുത്ത എടിഎമ്മില്‍ പണം എടുക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അതിക്രമം.

എടിഎം കൗണ്ടറില്‍ നിന്ന് ഓടി രക്ഷപ്പെട്ട പെണ്‍കുട്ടി അമ്മയെ വിവരം അറിയിച്ചു. തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കി. സിസിടിവി കാമറകള്‍ പരിശോധിച്ചാണ് പോലിസ് പ്രതിയെ തിരിച്ചറിഞ്ഞത്. എന്നാല്‍, ഇയാള്‍ ഒളിവില്‍ പോയിരുന്നു. വിശദമായ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.