തേങ്ങയിടാന്‍ വിളിക്കാത്തതിന് വീടുകളുടെ വാതില്‍ കത്തിച്ചയാള്‍ അറസ്റ്റില്‍
സുല്‍ത്താന്‍ബത്തേരി: തേങ്ങയിടാന്‍ വിളിക്കാത്തവരുടെ വീടുകളുടെ വാതില്‍ കത്തിച്ച യുവാവ് അറസ്റ്റില്‍. മാടക്കര പൊന്നംകൊല്ലി പനയ്ക്കല്‍ രതീഷിനെ (42) യാണ് പോലിസ് അറസ്റ്റുചെയ്തത്. മൂന്നാഴ്ചയ്ക്കിടെ രണ്ടുവീടുകളുടെ വാതിലുകള്‍ കത്തിച്ച് മോഷണശ്രമമുണ്ടായതോടെ ഭീതിയിലായിരുന്നു ജനം. ഈ മാസം അഞ്ചിന് ഫെയര്‍ലാന്‍ഡില്‍ ആളില്ലാത്ത ഇരുനിലവീടിന്റെ രണ്ടുവാതിലുകള്‍ കത്തിച്ചസംഭവത്തിലും കഴിഞ്ഞദിവസം കോട്ടക്കുന്നില്‍ ബിജെപി നേതാവ് പി സി മോഹനന്റെ വീടിന്റെ വാതില്‍ കത്തിച്ചതും ഇയാളാണ്.
ഫെയര്‍ലാന്‍ഡില്‍ പതിവായി തേങ്ങയിടാന്‍ രതീഷിനെ വിളിച്ചിരുന്നയാള്‍ മറ്റൊരാളെക്കൊണ്ട് തേങ്ങ ഇട്ടതിന്റെ ദേഷ്യത്തിനാണ് ആ വീടിന്റെ വാതിലുകള്‍ കത്തിച്ചതെന്നാണ് പ്രതിയുടെ മൊഴി. കോട്ടക്കുന്നില്‍ വാതില്‍ കത്തിക്കുന്നതിന്റെ തലേന്ന് ആ വീട്ടിലെത്തിയ രതീഷ് പഴയ കമ്പികളും പൈപ്പുകളും മറ്റും കൊണ്ടുപോകാന്‍ ശ്രമിച്ചത് സമീപവാസികള്‍ തടഞ്ഞിരുന്നു. ഇതിന്റെ ദേഷ്യത്തിനാണ് വാതിലിന് തീയിട്ടതെന്നാണ് പറയുന്നത്. വീടിനകത്ത് കടന്ന പ്രതി അലമാരയില്‍ താക്കോലും വിലപിടിപ്പുള്ള വസ്തുക്കളുമുണ്ടായിട്ടും അതൊന്നുമെടുക്കാതെ വീടിനകത്തെ ടിവി മാത്രമെടുത്ത് പുറത്തുകൊണ്ടുവെക്കുകയായിരുന്നു. മോഷണമല്ല പ്രതിയുടെ ലക്ഷ്യമെന്നാണ് ഇതിലൂടെ മനസ്സിലാക്കുന്നതെന്നും പോലിസ് പറഞ്ഞു.മുന്‍പ് അമ്പലവയല്‍ സ്റ്റേഷന്‍ പരിധിയില്‍ വാഹനം കത്തിച്ച കേസിലും പ്രതിയാണ് ഇയാള്‍.