ലാബ് ജീവനക്കാരിയെ കയറിപ്പിടിച്ചയാള്‍ അറസ്റ്റില്‍

Update: 2025-08-26 11:26 GMT

കോഴിക്കോട്: ഉള്ള്യേരിയിലെ സ്വകാര്യ ക്ലിനിക്കില്‍ ലാബ് ജീവനക്കാരിയെ കയറിപ്പിടിച്ചെന്ന കേസിലെ പ്രതി അറസ്റ്റില്‍. പരപ്പനങ്ങാടി ചെറുമംഗലം കാഞ്ഞിരക്കണ്ടി വീട്ടില്‍ മുഹമ്മദ് ജാസിനാണ് (30) പിടിയിലായത്. ഉള്ള്യേരി-പേരാമ്പ്ര റോഡിലെ സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരിയോടാണ് യുവാവ് അതിക്രമം കാണിച്ചത്. ഇവര്‍ ചികിത്സയിലാണ്.തിങ്കളാഴ്ച പുലര്‍ച്ചെ ആറരയോടെയാണ് ലാബില്‍ അതിക്രമമുണ്ടായതെന്ന് പോലിസ് പറയുന്നു. പ്രതി ജീവനക്കാരിയെ കടന്നുപിടിക്കുന്നതും പിന്നാലെ ലാബില്‍ നിന്ന് ഓടി രക്ഷപ്പെടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ലാബ് തുറക്കാനെത്തിയ യുവതിയോട് സംസാരിച്ച ശേഷം ഫോണില്‍ സംസാരിക്കുന്നതായി ഭാവിച്ച് ഇയാള്‍ പുറത്തിറങ്ങി ആരുമില്ലെന്ന് ഉറപ്പാക്കി. ശേഷം ലാബിനുള്ളില്‍ കയറി യുവതിയെ കടന്നുപിടിച്ചു. യുവതി ചെറുത്തുനിന്നതോടെ ഇയാള്‍ പിന്‍വാങ്ങുകയും പുറത്തേക്ക് ഇറങ്ങി ഓടുകയുമായിരുന്നു. കുറ്റകൃത്യസമയത്ത് ധരിച്ച വസ്ത്രം തെളിവു നശിപ്പിക്കുന്നതിനായി ഉള്ള്യേരി അങ്ങാടിക്കടുത്ത് ഉപേക്ഷിച്ചിരുന്നു. ഇതില്‍ നിന്നു ലഭിച്ച മൊബൈല്‍ ഫോണിലെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലിസ് കസ്റ്റഡിയില്‍ എടുത്തത്.