അടച്ചിട്ട ക്ഷേത്രം തുറക്കാന്‍ ഉത്തരവിട്ട് കോടതി; പോലിസ് സംരക്ഷണത്തില്‍ ദര്‍ശനം നടത്തി ദലിതര്‍

2023ലാണ് ക്ഷേത്ര ഉല്‍സവത്തിനിടെ ദലിതര്‍ക്കു നേരെ അക്രമം നടന്നത്

Update: 2025-04-18 06:01 GMT

വില്ലുപുരം: ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ദലിത് കുടുംബത്തെ ഹിന്ദുത്വര്‍ ആക്രമിച്ചതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ ക്ഷേത്രം വീണ്ടും തുറന്നു. മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് മേല്‍പതി ഗ്രാമത്തിലെ ശ്രീ ധര്‍മ്മരാജ ദ്രൗപതി അമ്മന്‍ ക്ഷേത്രം വീണ്ടും തുറന്നത്.

രാവിലെ ക്ഷേത്രം തുറന്ന ശേഷം, പൊതുജനങ്ങള്‍ക്ക് ആരാധനയ്ക്കായി തുറന്നിരിക്കുന്നുവെന്ന പ്രഖ്യാപനം ക്ഷേത്ര അധികൃതര്‍ നടത്തി. എണ്‍പതോളം ദലിതുകളാണ് ക്ഷേത്രദര്‍ശനം നടത്തിയത്. പോലിസ് സംരക്ഷണത്തിലായിരുന്നു ദര്‍ശനം. സുരക്ഷയ്ക്കും നിരീക്ഷണത്തിനുമായി ക്ഷേത്രത്തില്‍ ഏകദേശം 12 സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

അതേസമയം, ദലിത് പ്രവേശനത്തെ തുടര്‍ന്ന് ചില അസ്വാരസ്യങ്ങള്‍ രൂപപ്പെടുകയുമുണ്ടായി. സവര്‍ണജാതിയില്‍പെട്ട സ്ത്രീകള്‍ ചിലര്‍ ഒച്ച വക്കുകയും പ്രശ്‌നം ഉണ്ടാക്കുകയും ചെയ്തതോടെ പോലിസ് ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. സംഭവത്തില്‍ സമുദായ അംഗങ്ങള്‍ ദലിതരോട് മാപ്പു പറഞ്ഞു. അതേസമയം, ഡിഎംകെ പഞ്ചായത്ത് പ്രസിഡന്റും സവര്‍ണ ഹിന്ദു സമുദായാംഗവുമായ മണിവേല്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു.

2023ലാണ് ക്ഷേത്ര ഉല്‍സവത്തിനിടെ ദലിതര്‍ക്കു നേരെ അക്രമം നടന്നത്. കെ കതിരവന്‍, അദ്ദേഹത്തിന്റെ അമ്മ, സഹോദരന്‍, സഹോദരി എന്നിവര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാനെത്തിയപ്പോള്‍ സവര്‍ണ ജാതിയില്‍ പെട്ട ആളുകള്‍ ഇവര്‍ക്കെതിരേ ജാതീയ അധിക്ഷേപം നടത്തുകയും ആക്രമിക്കുകയുമായിരുന്നു. പ്രശ്‌നം രൂക്ഷമായതിനേ തുടര്‍ന്ന് 2023 ജൂണ്‍ ഏഴിന് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ക്ഷേത്രം അടച്ചുപൂട്ടുകയായിരുന്നു.

Tags: