'മീറ്റ് ദി പീപ്പിള്‍': കാഞ്ചീപുരം നിവാസികളുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി വിജയ്

Update: 2025-11-22 06:13 GMT

ചെന്നൈ: 'മീറ്റ് ദി പീപ്പിള്‍' കാമ്പയിനിന്റെ അടുത്ത ഘട്ടവുമായി ടിവികെ പ്രസിഡന്റും നടനുമായ വിജയ്. ഞായറാഴ്ച കാഞ്ചീപുരം നിവാസികളുമായി കൂടിക്കാഴ്ച നടത്തും. ചെന്നൈയിലെ സ്വകാര്യ കോളജില്‍ വച്ചാണ് പരിപാടി നടക്കുക. സംവാദത്തില്‍ 35 ലധികം ഗ്രാമങ്ങളില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 1,500 ഓളം പേര്‍ പങ്കെടുക്കുമെന്നാണ് വിവരം. പങ്കെടുക്കുന്നവര്‍ അവരുടെ പരാതികള്‍ വിജയ്യോട് നേരിട്ട് സമര്‍പ്പിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

വിരമിച്ച പോലിസ് ഉദ്യോഗസ്ഥരില്‍ നിന്ന് ക്രൗഡ് മാനേജ്മെന്റ് പരിശീലനം നേടുന്ന ടിവികെ വളണ്ടിയര്‍മാരുടെ വിഭാഗത്തെയും വിജയ് അഭിസംബോധന ചെയ്യും. അതേസമയം, ഡിസംബര്‍ ആദ്യ വാരത്തില്‍ ആസൂത്രണം ചെയ്തിരിക്കുന്ന സേലത്തെ പരിപാടിക്ക് പോലിസ് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. വിജയ് പങ്കെടുക്കുന്ന ഭാവിയിലെ ഏതൊരു പൊതുയോഗത്തിനോ പ്രചാരണ പരിപാടിക്കോ കുറഞ്ഞത് നാല് ആഴ്ച മുമ്പെങ്കിലും അനുമതി തേടണമെന്ന് സേലം പോലിസ് വകുപ്പ് ടിവികെയെ അറിയിച്ചിട്ടുണ്ട്.

Tags: