പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സാപ്പിഴവ്; ഒമ്പതുവയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്നു
കോഴിക്കോട്: പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഗുരുതര ചികില്‍സാപ്പിഴവ്. ഒമ്പതുവയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്നു. പല്ലശ്ശന ഒഴുവുപാറ സ്വദേശി വിനോദിനിയുടെ വലതുകൈയ്യാണ് ചികില്‍സാപിഴവിനെ തുടര്‍ന്ന് മുറിച്ചുമാറ്റേണ്ടിവന്നത്.
സഹോദരനൊപ്പം കളിക്കുന്നതിനിടെയാണ് വിനോദിനിക്ക് കൈക്ക് പരിക്ക് പറ്റിയത്. തുടര്‍ന്ന് കുട്ടിയെ ആദ്യം ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ നിന്നു ചികില്‍സ നല്‍കി പ്‌ളാസ്റ്ററിട്ട് കുട്ടിയെ വീട്ടിലേക്ക് തിരികെ അയച്ചു. എന്നാല്‍ അസ്സഹനീയമായ വേദനയെ തുടര്‍ന്ന് കുട്ടിയെ വീണ്ടും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും കുട്ടിയുടെ കയ്യിലേക്കുള്ള രക്തയോട്ടം നിലച്ചിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ച കുട്ടിയുടെ കൈ മുറിച്ചുമാറ്റുകയായിരുന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ ആരോപണം നിഷേധിച്ചു.