പ്രതിഷേധം കടുപ്പിച്ച് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍; ഇന്ന് മുതല്‍ അനിശ്ചിതകാല ഒപി ബഹിഷ്‌കരണം
തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ അനിശ്ചിതകാല ഒപി ബഹിഷ്‌കരണ സമരം ഇന്ന് മുതല്‍. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് ബഹിഷ്‌കരണം. അടിയന്തര ശസ്ത്രക്രിയ അടക്കം അവശ്യ സേവനങ്ങളെ ബഹിഷ്‌കരണത്തില്‍ നിന്നും ഒഴിവാക്കും. ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കുക, എന്‍ട്രി കേഡര്‍ തസ്തികയില്‍ വെട്ടിക്കുറച്ച തുക പുനസ്ഥാപിക്കുക, ആവശ്യത്തിന് തസ്തികകള്‍ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത്. ഒരു വര്‍ഷമായി നടക്കുന്ന പ്രതിഷേധങ്ങളോട് സര്‍ക്കാര്‍ മുഖം തിരിക്കുന്ന സാഹചര്യത്തിലാണ് അനിശ്ചിതകാല ഒപി ബഹിഷ്‌കരണത്തിലേക്ക് KGMCTA കടക്കുന്നത്. ഒപിയും അധ്യാപനവും ബഹിഷ്‌കരിക്കുന്നതോടെ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലാവും.
സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാകാത്തപക്ഷം ഫെബ്രുവരി ഒന്‍പതു മുതല്‍ അനിശ്ചിതകാലത്തേക്ക് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തിവെക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. 11 മുതല്‍ സര്‍വകലാശാലാ പരീക്ഷാ ജോലികളും ബഹിഷ്‌കരിക്കും. ആവശ്യ ആരോഗ്യ സേവനങ്ങളായ ക്യാഷ്വാലിറ്റി, ലേബര്‍ റൂം, ഐസിയു, അടിയന്തര ശസ്ത്രക്രിയകള്‍, അടിയന്തര ചികില്‍സകള്‍, പോസ്റ്റ്‌മോര്‍ട്ടം എന്നിവയെ സമരം ബാധിക്കില്ലെന്ന് സംഘടന അറിയിച്ചു. നിലവില്‍ അനിശ്ചിതകാല റിലേ സത്യാഗ്രഹം നടത്തുകയാണ് ഡോക്ടര്‍മാര്‍. പ്രശ്നപരിഹാരത്തിന് പലതവണ മന്ത്രിതലത്തില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും നടപടികളുണ്ടായില്ല. ഇതോടെയാണ് സമരം കടുപ്പിച്ച് ഡോക്ടര്‍മാര്‍ രംഗത്തുവന്നത്.
