മകന്റെ ശരീരത്തില്‍ എംഡിഎംഎ പാക്കറ്റുകള്‍ ഒട്ടിച്ച് വില്‍പ്പന നടത്തിയ ആള്‍ അറസ്റ്റില്‍
തിരുവല്ല: പന്ത്രണ്ടുവയസ് പ്രായമുള്ള മകനെ ഉപയോഗിച്ച് എംഡിഎംഎ വിറ്റുവന്നയാള്‍ അറസ്റ്റില്‍. തിരുവല്ല ചുമത്ര സ്വദേശി മുഹമ്മദ് ഷമീറിനെയാണ് തിരുവല്ല പോലിസ് അറസ്റ്റ് ചെയ്തത്. എംഡിഎംഎ പാക്കറ്റുകളിലാക്കിയ ശേഷം മകന്റെ ശരീരത്തില്‍ ഒട്ടിച്ച് കൊണ്ടുനടന്നു വില്‍ക്കുകയാണ് ഇയാള്‍ ചെയ്തിരുന്നത്.
കര്‍ണാടകയില്‍നിന്നടക്കം മയക്കുമരുന്നും എംഡിഎംഎയും ഇയാള്‍ നാട്ടിലെത്തിക്കുന്നുണ്ടെന്നാണ് വിവരം. പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ എംഡിഎംഎ സെല്ലോ ടേപ്പ് ഉപയോഗിച്ച് കുഞ്ഞിന്റെ ശരീരത്തില്‍ ഒട്ടിക്കും. ശേഷം, കുട്ടിയെ വസ്ത്രം ധരിപ്പിച്ച് കാറിലോ സ്‌കൂട്ടറിലോ ഒപ്പമിരുത്തി കൊണ്ടുപോയി, ലഹരിവസ്തു ആവശ്യപ്പെടുന്നവര്‍ക്ക് കൈമാറുകയാണ് ചെയ്യുന്നതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.
തിരുവല്ലയിലെ സ്‌കൂള്‍, കോളജ്, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ എംഡിഎംഎയ്ക്ക് ആവശ്യക്കാരുണ്ടെന്ന് മുഹമ്മദ് ഷമീര്‍ വെളിപ്പെടുത്തിയതായി പോലിസ് പറയുന്നു. കഴിഞ്ഞ ആറുമാസമായി പോലീസിന്റെയും ഡാന്‍സാഫ് സംഘത്തിന്റെയും നിരീക്ഷണത്തിലായിരുന്നു മുഹമ്മദ് ഷമീര്‍. ഇയാളുടെ മൊബൈലും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍നിന്ന് കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.