ബംഗളൂരു: കേരളത്തിലേക്ക് രാസലഹരി കടത്തിയ സംഘത്തിലെ രണ്ടു പേരെ കൂടി പിടികൂടി. നൈജീരിയന്‍ സ്വദേശി ചിക്കാ അബാജുവോ (40), ത്രിപുര അഗര്‍ത്തല സ്വദേശി സന്ദീപ് മാലിക് (27) എന്നിവരെയാണ് ബത്തേരി പോലിസും ലഹരി വിരുദ്ധ സ്‌ക്വോഡും ചേര്‍ന്ന് ബംഗളൂരുവില്‍ നിന്നും പിടികൂടിയത്. ഇരുവരും ബംഗളൂരിലെ മൊത്ത വ്യാപാര സംഘത്തില്‍പെട്ടവരാണ്. കേസില്‍ നേരത്തെ പിടിയിലായ ടാന്‍സാനിയ പൗരന്‍ പ്രിന്‍സ് സാംസണെ കഴിഞ്ഞദിവസം ബംഗളൂരില്‍ നിന്ന് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് മറ്റു രണ്ടുപേരെ കൂടി പിടികൂടിയത്.
ഇതോടുകൂടി ലഹരി കടത്തല്‍ കേസിലെ പ്രതികളുടെ എണ്ണം 4 ആയി. ഫെബ്രുവരി 24ന് മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയില്‍ മലപ്പുറം സ്വദേശിയായ ഷഫീഖിന്റെ കൈയില്‍ നിന്ന് 93 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടിയിരുന്നു. ഇതിനെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഈ ലഹരി മാഫിയ സംഘത്തെ പിടികൂടാന്‍ പോലിസിനെ സഹായിച്ചത്.