'' പഞ്ചായത്ത് പരമാധികാര റിപ്പബ്ലിക്കല്ല'' : ബ്രൂവറി പദ്ധതിക്കെതിരായ ഗ്രാമസഭയെ പരിഹസിച്ച് മന്ത്രി
പാലക്കാട്: എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിക്കെതിരായ പ്രത്യേക ഗ്രാമസഭയെ പരിഹസിച്ച് മന്ത്രി എം ബി രാജേഷ്. പഞ്ചായത്ത് പരമാധികാര റിപ്പബ്ലിക്കല്ലെന്നാണ് എം ബി രാജേഷ് പരിഹസിച്ചത്. അതേസമയം, ബ്രൂവറി പദ്ധതിക്കെതിരെയുള്ള പ്രമേയം വന്‍ ഭൂരിപക്ഷത്തോടെയാണ് ഗ്രാമസഭ പാസാക്കിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വാര്‍ഡുകളില്‍ പ്രത്യേക ഗ്രാമസഭ ചേരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാവരും കമ്പനിക്ക് എതിരാണെന്നും പദ്ധതിക്കെതിരെ ഭരണസമിതി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ മദ്യനിര്‍മാണം വര്‍ധിപ്പിക്കണമെന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു. മദ്യ ഉല്‍പാദനം വര്‍ധിപ്പിച്ച് വിദേശത്തേക്കും കയറ്റുമതി ചെയ്യാന്‍ കഴിയണം. കേരളത്തില്‍ ഒമ്പത് ഡിസ്റ്റിലറികള്‍ ഉണ്ടായിട്ടും ഒരു തുള്ളി മദ്യം ഉല്‍പാദിപ്പിക്കുന്നില്ല. ചില സ്ഥാപിത താല്‍പര്യക്കാരാണ് മദ്യ ഉല്‍പാദനത്തെ എതിര്‍ക്കുന്നത്. വെള്ളത്തിന്റെ പ്രശ്‌നം പറയുന്നവരുണ്ട്. കര്‍ണാടകയില്‍ ഇല്ലാത്ത എന്തു പ്രശ്‌നമാണ് കേരളത്തില്‍ ഉള്ളതെന്നും മന്ത്രി ചോദിച്ചു.