തിരുവനന്തപുരം: മേയ് മാസത്തിലെ കൂട്ടവിരമിക്കല്‍ ഈ വര്‍ഷവും. ഈ മാസം 31ന് പതിനായിരത്തോളം സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാര്‍ വിരമിക്കും. കഴിഞ്ഞ മേയ് 31ന് 10,560 പേരും 2023ല്‍ 11,800 പേരും വിരമിച്ചിരുന്നു. ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാകുന്നതിനുമുന്‍പ് സ്‌കൂളില്‍ ചേരാന്‍ മേയ് 31 ജന്മദിനമായി ചേര്‍ക്കുന്നതായിരുന്നു പൊതുരീതി. ഔദ്യോഗികരേഖകളിലും ഇതാകും ജനനത്തീയതി. ഇതാണ് കൂട്ടവിരമിക്കലുകള്‍ക്ക് കാരണം. കെഎസ്ഇബിയില്‍നിന്ന് 1022 പേര്‍ വിരമിക്കും. 122 ലൈന്‍മാന്‍, 326 ഓവര്‍സീയര്‍ എന്നിവരും ഇക്കൂട്ടത്തിലുണ്ട്. വിരമിക്കുന്നവര്‍ക്ക് ആനുകൂല്യം നല്‍കാന്‍ ഏകദേശം 6000 കോടിരൂപ വേണ്ടിവരും. ഇത് ഒറ്റയടിക്ക് നല്‍കേണ്ടതല്ല. അക്കൗണ്ട്‌സ് ജനറല്‍ അനുവദിക്കുന്ന മുറയ്ക്കാണ് വിരമിക്കല്‍ ആനുകൂല്യം കൈമാറുക.