ഇമാമിന്റെ ഭാര്യയേയും പെണ്‍മക്കളെയും വെട്ടിക്കൊന്ന സംഭവം: രണ്ടു പേര്‍ അറസ്റ്റില്‍

Update: 2025-10-12 04:02 GMT

ബഗ്പത്: ഉത്തര്‍പ്രദേശിലെ ബഗ്പത് ജില്ലയിലെ ഗംഗനൗലി ഗ്രാമത്തിലെ പളളിയിലെ ഇമാമിന്റെ ഭാര്യയേയും രണ്ടു പെണ്‍മക്കളെയും വെട്ടിക്കൊന്ന സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഇമാം ഇബ്‌റാഹീമിന്റെ വിദ്യാര്‍ഥികളായ 13ഉം 16ഉം വയസ് പ്രായമുള്ള രണ്ടു പേരാണ് കൊലയാളികളെന്ന് എസ്പി സൂരജ് റായ് അവകാശപ്പെട്ടു. പഠിക്കാത്തതിന് ഇബ് റാഹീം ഇവരെ ശിക്ഷിച്ചിരുന്നുവെന്നും അതിനുള്ള പ്രതികാരമായാണ് കൊല നടത്തിയെന്നും എസ്പി അവകാശപ്പെട്ടു.

ഇന്നലെയാണ് കേസിനാസ്പദമായ സംഭവം. ഇമാം ഇബ്‌റാഹീം ദയൂബന്ദിലേക്ക് പോയ സമയത്തായിരുന്നു കൊലപാതകം. ഇബ്‌റാഹീമിന്റെ ഭാര്യ ഇര്‍സാന(30), മക്കളായ സോഫിയ (5), സുമയ്യ(2) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇര്‍സാനയുടെ മൃതദേഹം നിലത്തും കുട്ടികളുടെ മൃതദേഹങ്ങള്‍ കട്ടിലിലുമാണ് കിടന്നിരുന്നത്.

പ്രദേശത്തെ കുട്ടികള്‍ക്ക് ഇര്‍സാന ട്യൂഷനെടുക്കുന്നുണ്ടായിരുന്നു. ശനിയാഴ്ചയായതിനാല്‍ ട്യൂഷന് എത്തിയ കുട്ടികളാണ് കൊലപാതക വിവരം ആദ്യം അറിഞ്ഞത്. തുടര്‍ന്ന് മുതിര്‍ന്നവരെ അറിയിച്ചു. അവര്‍ അറിയിച്ചത് പ്രകാരം പോലിസ് സ്ഥലത്തെത്തിയത്.