മാട്രിമോണി സൈറ്റില്‍നിന്ന് സ്ത്രീകളുടെ ഫോട്ടോയെടുത്ത് തട്ടിപ്പ്; പ്രതി അറസ്റ്റില്‍
കല്‍പ്പറ്റ: മാട്രിമോണി സൈറ്റുകളില്‍നിന്ന് സ്ത്രീകളുടെ ഫോട്ടോയും വിവരങ്ങളും ശേഖരിച്ച് വിവാഹപരസ്യങ്ങള്‍ നല്‍കി പണം തട്ടിയ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം നേതാജി നഗര്‍ ശ്രീനാരായണപുരം പൊയ്കയില്‍ വീട്ടില്‍ മുഹമ്മദ് റമീസി(27)നെയാണ് വയനാട് സൈബര്‍ പോലിസ് അറസ്റ്റുചെയ്തത്.
ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങളില്‍ മാട്രിമോണിയല്‍ ഗ്രൂപ്പുകളും വിവിധ സ്ഥാപനങ്ങളുടെ വ്യാജ അക്കൗണ്ടുകളും നിര്‍മിച്ചാണ് തട്ടിപ്പ് നടത്തിയത്. വ്യാജ അക്കൗണ്ടുകളിലൂടെ 'വരനെ ആവശ്യമുണ്ട്' എന്ന് പരസ്യം നല്‍കും. വിവാഹക്കാര്യം അന്വേഷിച്ച് ബന്ധപ്പെടുന്നവര്‍ക്ക് പെണ്‍കുട്ടികളുടെ ചിത്രവും ഒപ്പം ജില്ലയുടെ പേരും അയച്ചുനല്‍കും. ഇയാളുടെ സഹായികള്‍തന്നെ ഇടപാടുകാരോട് സ്ത്രീകളുടെ ബന്ധുവാണ് എന്ന വ്യാജന സംസാരിച്ച് വിശ്വാസത്തിലെടുക്കും. തുടര്‍ന്ന് രജിസ്‌ട്രേഷനായി 1400 രൂപ വാങ്ങിക്കും. പണം വാങ്ങിക്കഴിഞ്ഞാല്‍ ഇടപാടുകാരനെ ബ്ലോക്ക്‌ചെയ്ത് ഒഴിവാക്കും. ഇത്തരത്തില്‍ തട്ടിപ്പിനിരയായ ചൂരല്‍മല സ്വദേശി വയനാട് സൈബര്‍ പോലിസില്‍ നല്‍കിയ പരാതിയാണ് തട്ടിപ്പിന്റെ ചുരുളഴിച്ചത്.
തട്ടിപ്പിനിരയായ വ്യക്തി പിന്നീട് മറ്റൊരുനമ്പര്‍ മുഖേന റമീസിനെ ബന്ധപ്പെട്ടു. മുന്‍പ് അയച്ചുനല്‍കിയ പെണ്‍കുട്ടിയുടെ ഫോട്ടോതന്നെ തട്ടിപ്പുകാര്‍ മറ്റൊരുപേരില്‍ അയച്ചുനല്‍കി. ജില്ലയും മാറ്റി. ഇതോടെ തട്ടിപ്പിനിരയായ വ്യക്തി സൈബര്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. ജൂണ്‍മാസത്തില്‍ മാത്രമായി മുന്നൂറോളം പേരില്‍ നിന്നായി ഇയാള്‍ നാലുലക്ഷത്തിലധികം രൂപയാണ് തട്ടിയതെന്ന് പോലിസ് പറഞ്ഞു.