ഷാഹി ഈദ്ഗാഹ് പള്ളി പൊളിച്ചു നീക്കണമെന്ന ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു

ഹരജി സാധുവല്ലെന്നു ചൂണ്ടിക്കാട്ടി തള്ളിയ കീഴ്‌ക്കോടതി ഉത്തരവ് തള്ളിയാണ് ജില്ലാ കോടതിയുടെ ഉത്തരവ്

Update: 2022-05-19 09:38 GMT

മഥുര: മഥുരയിലെ കത്ര കേശവ് ദേവ് ക്ഷേത്ര പരിസരത്തുള്ള ഷാഹി ഈദ്ഗാഹ് പള്ളി പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു. ഹരജി സാധുവല്ലെന്നു ചൂണ്ടിക്കാട്ടി തള്ളിയ കീഴ്‌ക്കോടതി ഉത്തരവ് തള്ളിയാണ് ജില്ലാ കോടതിയുടെ ഉത്തരവ്.മഥുര സിവില്‍ കോടതിയുടേതാണ് നടപടി.

കൃഷ്ണജന്മഭൂമിയില്‍ നിന്ന് പള്ളി നീക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിക്കപ്പെട്ടത്.മസ്ജിദില്‍ മുസ്‌ലിംകള്‍ പ്രവേശിക്കുന്നതും നമസ്‌കരിക്കുന്നതും സ്ഥിരമായി തടയണമെന്നും പള്ളി അടച്ചൂപൂട്ടി സീല്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട് രണ്ട് ഹരജികളാണ് സമര്‍പ്പിക്കപ്പെട്ടത്.ഒരു സംഘം അഭിഭാഷകരും നിയമ വിദ്യാര്‍ഥികളുമാണ് കോടതിയെ സമീപിച്ചത്. നേരത്തേ വിവിധ ഹിന്ദു സംഘടനകള്‍ നല്‍കിയ ഒമ്പത് ഹരജികള്‍ നിലനില്‍ക്കെയാണിത്.

ഷാഹി ഈദ്ഗാഹില്‍ മുസ്‌ലിംകള്‍ പ്രാര്‍ഥന നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ലഖ്‌നോ ആസ്ഥാനമായുള്ള അഭിഭാഷകനായ ശൈലേന്ദ്ര സിങാണ് മഥുര ജില്ല കോടതിയില്‍ ഹരജി നല്‍കിയത്. മസ്ജിദ് വളപ്പില്‍ മാറ്റങ്ങളൊന്നും വരുത്തുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സുരക്ഷ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും രണ്ടാമത്തെ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഗ്യാന്‍വാപി പള്ളി പോലെ ഷാഹി ഈദ്ഗാഹ് മസ്ജിദിനുള്ളിലും ഹിന്ദുമത അടയാളങ്ങള്‍ ഉണ്ടെന്ന് തെളിയിക്കാന്‍ കഴിയുമെന്ന് ഹരജിക്കാരനായ താക്കൂര്‍ കേശവ് ദേവ് മഹാരാജിന്റെ അഭിഭാഷകന്‍ മഹേന്ദ്ര പ്രതാപ് സിങ് പറഞ്ഞിരുന്നു. ഷാഹി ഈദ്ഗാഹ് പള്ളി സീല്‍ ചെയ്യാനും അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മഹേന്ദ്ര സിങ് പറഞ്ഞിരുന്നു.

പള്ളി പൊളിച്ചുനീക്കണമെന്നും 13.37 ഏക്കര്‍ ഭൂമി ക്ഷേത്ര പ്രതിഷ്ഠയുടെ പേരില്‍ കൈമാറണമെന്നുമാണ് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.ഹരജി തള്ളിയ കീഴ്‌ക്കോടതി നടപടി വസ്തുതകള്‍ പരിശോധിക്കാതെയെന്നും തങ്ങളുടെ മതവിശ്വാസത്തിനുള്ള അവകാശം ഹനിക്കപ്പെട്ടിട്ടുണ്ടെന്നും ഹരജിക്കാര്‍ അപ്പീലില്‍ പറഞ്ഞു. ഹരജി നിലനില്‍ക്കുന്നതാണെന്ന് ജില്ലാ കോടതി വിധിച്ചതോടെ കീഴ്‌ക്കോടതി ഇതില്‍ വാദം കേള്‍ക്കും.

റവന്യൂ രേഖകള്‍ പരിശോധിക്കുന്നതിനു പുറമേ, നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത ക്ഷേത്ര മാനേജ്‌മെന്റ് അതോറിറ്റിയായ ശ്രീ കൃഷ്ണ ജന്മസ്ഥാന്‍ സേവാ സന്‍സ്ഥനും ക്ഷേത്രം പ്രവര്‍ത്തിക്കുന്ന ട്രസ്റ്റ് മസ്ജിദ് ഈദ്ഗായും തമ്മിലുള്ള 1968ലെ ഒത്തുതീര്‍പ്പ് കരാറിന്റെ സാധുതയും കോടതി പരിശോധിക്കും.

Tags:    

Similar News