'ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ ക്രമക്കേട്'; തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യവുമായി ജന്‍ സുരാജ് പാര്‍ട്ടി സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും നടത്തണമെന്ന ആവശ്യവുമായി പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി സുപ്രിംകോടതിയില്‍. കഴിഞ്ഞ നവംബറില്‍ നടന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ആരോപിച്ചാണ് ജന്‍ സുരാജ് പാര്‍ട്ടി കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വെള്ളിയാഴ്ച ഹരജി പരിഗണിച്ചേക്കും. തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം 243ല്‍ 202 സീറ്റ് നേടി അധികാരം നിലനിര്‍ത്തിയിരുന്നു. ഇന്‍ഡ്യാ സഖ്യത്തിന് 35 സീറ്റ് നേടാന്‍ മാത്രമേ സാധിച്ചിരുന്നുള്ളൂ. തനിച്ച് മല്‍രിച്ച ജന്‍ സുരാജ് പാര്‍ട്ടിക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ സാധിച്ചിരുന്നില്ല.
'മുഖ്യമന്ത്രി മഹിളാ തൊഴില്‍ യോജന' പദ്ധതിയിലൂടെ ബിഹാര്‍ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കാലത്ത് 1.3 കോടി സ്ത്രീകളുടെ അക്കൗണ്ടിലേക്കാണ് 10,000 രൂപ വീതം വിതരണം ചെയ്തത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് ജന്‍ സുരാജ് പാര്‍ട്ടി ഹരജിയില്‍ ആരോപിക്കുന്നത്. ഈ പദ്ധതിയിലൂടെ തുക വിതരണം ചെയ്തത് എന്‍ഡിഎയുടെ വിജയത്തില്‍ നിര്‍ണായകമായതായി വിലയിരുത്തലുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നത് ഭരണഘടനയുടെ 14, 21, 112, 202, 324 എന്നീ വകുപ്പുകളുടെ നിയമലംഘനമാണെന്നാണ് ജന്‍ സുരാജ് ആരോപിക്കുന്നത്.
വോട്ടര്‍മാര്‍ക്ക് പണം നല്‍കിയതിന് പുറമെ സംസ്ഥാന സര്‍ക്കാരിന്റെ ജീവിക പദ്ധതിക്ക് കീഴില്‍ സ്വയം സഹായ സംഘങ്ങളുമായി ബന്ധപ്പെട്ട 1.80 ലക്ഷത്തോളം വനിതാ ഗുണഭോക്താക്കളെ തിരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടങ്ങളിലും പോളിങ് ബൂത്തുകളില്‍ വിന്യസിച്ചതിനേയും ഹരജി ചോദ്യം ചെയ്തു. ഇതെല്ലാം പരിഗണിച്ച് 2025ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ജന്‍ സുരാജ് പാര്‍ട്ടി ഹരജിയില്‍ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ 2024ല്‍ തുടങ്ങിയ പാര്‍ട്ടിയാണ് ജന്‍ സുരാജ് പാര്‍ട്ടി. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 243 നിയമസഭാ മണ്ഡലങ്ങളില്‍ 238ലും പാര്‍ട്ടി മല്‍സരിച്ചിരുന്നു. എന്നാല്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. നിതീഷ് കുമാറിന്റെ ജെഡിയുവും ബിജെപിയും നയിക്കുന്ന എന്‍ഡിഎ സഖ്യം 202 സീറ്റ് നേടി ബിഹാറില്‍ അധികാരത്തിലേറുകയായിരുന്നു.

