യുഎന്‍ കാലാവസ്ഥ ഉച്ചകോടിക്കിടെ വന്‍ തീപിടിത്തം; 13 പേര്‍ക്ക് പരിക്ക്

ബ്രസീലിലെ ബെലെമിലാണ് ഉച്ചകോടി, ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം, ആളപായമില്ല, അഗ്‌നിശമന സേനാംഗങ്ങള്‍ തീ അണക്കാനുള്ള ശ്രമത്തിലാണ്

Update: 2025-11-21 02:40 GMT

റിയോ ഡി ജനീറോ: യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ വന്‍ തീപിടിത്തം. ബ്രസീലിലെ ബെലെമില്‍ നടക്കുന്ന യുഎന്‍ കാലാവസ്ഥാ ഉച്ചകോടി പവലിയനു സമീപമാണ് തീപിടിച്ചത്. പരിക്കേറ്റ 13 പേര്‍ക്ക് ചികില്‍സ ഉറപ്പാക്കി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് ഉള്‍പ്പെടെ ഇന്ത്യന്‍ പ്രതിനിധി സംഘത്തിലെ 20 ഓളം പേര്‍ തീപിടിത്ത സ്ഥലത്ത് ഉണ്ടായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് തീപിടിത്തമെന്നാണ് പ്രാഥമിക നിഗമനം. 

യുഎന്‍ സെക്രട്ടറി ജനറല്‍ ഉള്‍പ്പടെ ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. ഉച്ചഭക്ഷണ സമയത്തിന് തൊട്ടുപിന്നാലെയാണ് അപകടം നടന്നത്. ഒരു പവലിയനില്‍ നിന്ന് തീജ്വാലകള്‍ പൊട്ടിത്തെറിക്കുകയും കെട്ടിടത്തിന്റെ ചുമരുകളിലും മേല്‍ക്കൂരയിലും നിരത്തിയിരുന്ന തുണികളിലേക്ക് തീ വേഗത്തില്‍ പടരുകയും ചെയ്യുകയായിരുന്നു. ഉടനടി തീ അണക്കുകയും ചെയ്തു. ആറു മിനിറ്റിനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കിയെന്ന് പ്രാദേശിക അഗ്‌നിശമന സേന അറിയിച്ചു. പുക ശ്വസിച്ചതിനെ തുടര്‍ന്ന് വേദിയിലുണ്ടായിരുന്ന പതിമൂന്നു പേര്‍ക്ക് ചികില്‍സ നല്‍കിയതായി സംഘാടകര്‍ പറഞ്ഞു. തീപിടിത്തത്തെത്തുടര്‍ന്ന് പരിഭ്രാന്തരായ പ്രതിനിധികള്‍ പുറത്തേക്കുള്ള വഴികളിലേക്ക് ഓടുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.