ഇസ് ലാമിക ഐക്യം പൂര്‍ണാര്‍ഥത്തില്‍ ഉള്‍കൊണ്ടാല്‍ സയണിസ്റ്റ് ഭീകരതയെ ചെറുത്തുതോല്‍പ്പിക്കാനാകുമെന്ന് മസൂദ് പെസെഷ്‌കിയാന്‍

Update: 2025-07-15 09:26 GMT
ഇസ് ലാമിക ഐക്യം പൂര്‍ണാര്‍ഥത്തില്‍ ഉള്‍കൊണ്ടാല്‍ സയണിസ്റ്റ് ഭീകരതയെ ചെറുത്തുതോല്‍പ്പിക്കാനാകുമെന്ന് മസൂദ് പെസെഷ്‌കിയാന്‍

തെഹ്‌റാന്‍: മുസ് ലിം രാഷ്ട്രങ്ങളെ ദുര്‍ബലപ്പെടുത്താനും ഭിന്നത വിതയ്ക്കാനുമാണ് ഇസ്രായേല്‍ ഭരണകൂടത്തിന്റെ ശ്രമമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍.തിങ്കളാഴ്ച പാകിസ്താന്‍ ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്‌വിയുമായുള്ള കൂടിക്കാഴ്ചയക്കിടെയാണ് പരാമര്‍ശം. ഇസ് ലാമിക ലോകത്തെമ്പാടുമുള്ള രാഷ്ട്രീയക്കാര്‍ സയണിസ്റ്റ് ഭരണകൂടത്തിന്റെ ഈ ദുഷ്ട തന്ത്രത്തെ തിരിച്ചറിയണമെന്നും മുസ് ലിം രാജ്യങ്ങള്‍ക്കിടയില്‍ ഐക്യവും ഐക്യദാര്‍ഢ്യവും ശക്തിപ്പെടുത്തി അതിനെ നേരിടണമെന്നും പ്രസിഡന്റ് പെസഷ്‌കിയാന്‍ പറഞ്ഞു.

ഇസ് ലാമിക ലോകത്തെ നേതാക്കള്‍ ഈ ദുഷ്ട തന്ത്രത്തിനെതിരേ ജാഗ്രത പാലിക്കണമെന്നും രാഷ്ട്രങ്ങള്‍ക്കിടയില്‍ ഐക്യവും ഐക്യദാര്‍ഢ്യവും വര്‍ധിപ്പിക്കുന്നതിലൂടെ അതിനെ നിര്‍വീര്യമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഇസ് ലാമിക ലോകത്തെ നിര്‍ണായക സാഹചര്യത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍, ഇസ് ലാമിക രാജ്യങ്ങള്‍ക്കിടയിലുള്ള ഐക്യം നിഷേധിക്കാനാവാത്ത ആവശ്യകതയാണെന്ന് അദ്ദേഹം പറഞ്ഞു.മുസ് ലിം ഗവണ്‍മെന്റുകളും രാഷ്ട്രങ്ങളും ഇസ് ലാമിക ഐക്യത്തിന്റെ പ്രാധാന്യം പൂര്‍ണ്ണമായി മനസ്സിലാക്കിയാല്‍, ഇസ് ലാാമിക സമൂഹങ്ങളില്‍ ഭിന്നത വിതച്ചും അതിക്രമങ്ങള്‍ നടത്തിയും നിലനില്‍ക്കുന്ന സയണിസ്റ്റ് ഭരണകൂടത്തിനെതിരെ ഒരു ഐക്യമുന്നണിയായി നിലകൊള്ളാന്‍ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇസ്രായേല്‍ ഇറാനെതിരേ തിരിഞ്ഞപ്പോള്‍, പാകിസ്താന്‍ നല്‍കിയ ആത്മാര്‍ഥമായ പിന്തുണയ്ക്ക് പെസഷ്‌കിയാന്‍ നന്ദി പറഞ്ഞു. സഹകരണം വികസിപ്പിക്കുന്നതിന് ഇരു രാജ്യങ്ങള്‍ക്കും വലിയ സാധ്യതകളുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും പരസ്പര ഇടപെടലുകള്‍ നടപ്പിലാക്കുന്നതിനും തെഹ്‌റാന്‍ തയ്യാറാണെന്നും പറഞ്ഞു.

Tags: