മസ്ജിദുല്‍ ഹറമില്‍ തീര്‍ത്ഥാടകര്‍ക്ക് സമഗ്ര സൗകര്യങ്ങള്‍; സുരക്ഷിതവും സുഗമവുമായ ആരാധനയ്ക്ക് വിപുലമായ ക്രമീകരണങ്ങള്‍
ജിദ്ദ: 1.8 ദശലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ളതും ഒരേസമയം 2.5 ദശലക്ഷത്തിലധികം തീര്‍ത്ഥാടകരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുമുള്ള മക്കയിലെ മസ്ജിദുല്‍ ഹറമില്‍, തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതമായും തടസ്സമില്ലാതെയും ആരാധനകള്‍ നിര്‍വഹിക്കാനായി സമഗ്ര സൗകര്യങ്ങള്‍ ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു. ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെയും ഇരുഹറം കാര്യാലയത്തിനായുള്ള ജനറല്‍ അതോറിറ്റിയുടെയും മേല്‍നോട്ടത്തിലാണ് ഈ സേവനങ്ങള്‍ നടപ്പിലാക്കുന്നത്. തീര്‍ത്ഥാടകരുടെ സഞ്ചാരം സുഗമമാക്കുന്നതിന് വ്യക്തമായ വഴികാട്ടി ബോര്‍ഡുകളും പള്ളിയിലെ തിരക്കിന്റെ തോത് തല്‍സമയം അറിയിക്കുന്ന ഡിജിറ്റല്‍ സ്‌ക്രീനുകളും സ്ഥാപിച്ചിട്ടുണ്ട്. ഗേറ്റുകള്‍, റാമ്പുകള്‍, എസ്‌കലേറ്ററുകള്‍, ലിഫ്റ്റുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രവേശന മാര്‍ഗങ്ങള്‍ കാര്യക്ഷമമായി ക്രമീകരിച്ചിട്ടുണ്ട്.
ത്വവാഫ്, സഅ്‌യ് കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ വീല്‍ചെയറുകളും ഇലക്ട്രിക് കാര്‍ട്ടുകളും ലഭ്യമാക്കിയിട്ടുണ്ട്. ഇവ അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മുന്‍കൂട്ടി ബുക്ക് ചെയ്യാം. സഅ്‌യ് കവാടത്തില്‍ തീര്‍ത്ഥാടകര്‍ക്ക് സൗജന്യമായി തലമുടി മുറിക്കുന്ന സേവനവും ഒരുക്കിയിട്ടുണ്ട്. വിശ്രമമുറികള്‍, ലഗേജ് സൂക്ഷിക്കാനുള്ള സൗകര്യങ്ങള്‍, സമീപത്തെ ഭക്ഷണശാലകള്‍, വ്യാപാര കേന്ദ്രങ്ങള്‍ എന്നിവയും തീര്‍ത്ഥാടകരുടെ സൗകര്യത്തിനായി സജ്ജമാക്കിയിട്ടുണ്ട്.
തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ വിവരങ്ങളും അടിയന്തര സഹായങ്ങളും ലഭ്യമാക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹോട്ട്‌ലൈന്‍ സേവനം (1966) ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, 16 ഭാഷകളിലുള്ള വിദ്യാഭ്യാസ ഗൈഡുകള്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യമുണ്ട്. മക്കയില്‍ എത്തുന്ന നിമിഷം മുതല്‍ മടങ്ങിപ്പോകുന്നതുവരെ തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതവും ആത്മീയമായി സമ്പന്നവുമായ അനുഭവം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ വിപുലമായ ക്രമീകരണങ്ങള്‍ നടപ്പിലാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
