കൊച്ചി: മാരുതി സുസുക്കിയുടെ വിക്ടോറിസ് എസ്‌യുവി 2026ലെ 'ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയര്‍' പുരസ്‌കാരത്തിന് അര്‍ഹമായി. ഇന്ത്യയിലെ പ്രമുഖ ഓട്ടോമൊബൈല്‍ ജേണലിസ്റ്റുകള്‍ ഉള്‍പ്പെട്ട ജൂറിയാണ് പുരസ്‌കാരത്തിനായി വിക്ടോറിസിനെ തിരഞ്ഞെടുത്തത്. വിവിധ പവര്‍ട്രെയിന്‍ ഓപ്ഷനുകളുമായി വിപണിയിലെത്തിയ വിക്ടോറിസില്‍, സൈലന്റ് ഡ്രൈവിങ് അനുഭവം ലക്ഷ്യമിട്ട് ഇവി മോഡോടുകൂടിയ 1.5 ലിറ്റര്‍ സ്‌ട്രോങ്‌ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രാന്‍ഡ് വിറ്റാരയുടെ പ്ലാറ്റ്‌ഫോമില്‍ വികസിപ്പിച്ച ഈ എസ്‌യുവിക്ക് നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, സ്‌ട്രോങ്‌ഹൈബ്രിഡ്, സിഎന്‍ജി എന്നീ എന്‍ജിന്‍ ഓപ്ഷനുകളാണ് ലഭ്യമാകുന്നത്.
1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് മൈല്‍ഡ്‌ഹൈബ്രിഡ് പെട്രോള്‍ എന്‍ജിന്‍ 103 ബിഎച്ച്പി പവറും 139 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇതിന് 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുണ്ട്. മികച്ച ഇന്ധനക്ഷമത ഉറപ്പാക്കുന്ന ഇസിവിടി ഗിയര്‍ബോക്‌സോടുകൂടിയ 1.5 ലിറ്റര്‍ സ്‌ട്രോങ് ഹൈബ്രിഡ് പെട്രോള്‍ യൂണിറ്റ് 116 ബിഎച്ച്പി കരുത്തും 141 എന്‍എം ടോര്‍ക്കും നല്‍കും. ഫാക്ടറിഫിറ്റഡ് സിഎന്‍ജി വേരിയന്റില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സോടുകൂടി 87 ബിഎച്ച്പി പവറും 121 എന്‍എം ടോര്‍ക്കും ലഭ്യമാകുന്നുണ്ട്. ഇതിന് പുറമെ, ഓള്‍വീല്‍ഡ്രൈവ് സംവിധാനവും വിക്ടോറിസ് എസ്‌യുവിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സാങ്കേതിക മികവും ഇന്ധനക്ഷമതയും വൈവിധ്യമാര്‍ന്ന പവര്‍ട്രെയിന്‍ ഓപ്ഷനുകളും ഒന്നിച്ചിണങ്ങിയതാണ് വിക്ടോറിസിനെ ഈ വര്‍ഷത്തെ മികച്ച കാറായി ജൂറി തിരഞ്ഞെടുത്തതെന്ന് വിലയിരുത്തപ്പെടുന്നു.
