ഭിക്ഷാപാത്രവുമായി സമരം നടത്തിയ മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

Update: 2025-05-23 14:29 GMT

തൊടുപുഴ: ക്ഷേമപെന്‍ഷന്‍ മുടങ്ങിയെന്ന് ആരോപിച്ച് ഭിക്ഷാപാത്രവുമായി സമരം നടത്തിയ അടിമാലി ഇരുന്നൂറേക്കര്‍ പൊന്നുരുത്തുംപാറയില്‍ മറിയകുട്ടി ബിജെപിയില്‍ ചേര്‍ന്നു. തൊടുപുഴയില്‍ നടന്ന കണ്‍വെന്‍ഷനില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് മറിയക്കുട്ടി അംഗത്വം സ്വീകരിച്ചത്.

സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള എണ്‍പത്തെട്ടുകാരിയായ മറിയക്കുട്ടിയുടെ പരമാര്‍ശങ്ങള്‍ പിന്നീടും വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. സര്‍ക്കാരിനെതിരെയുള്ള കോണ്‍ഗ്രസിന്റെ വിവിധ സമരവേദികളിലും മറിയക്കുട്ടി പ്രത്യക്ഷപ്പെട്ടിരുന്നു. ഇതോടെ കെപിസിസി മറിയക്കുട്ടിക്ക് വീടും നിര്‍മിച്ച് നല്‍കി. കഴിഞ്ഞ ജൂലായില്‍ കെപിസിസി പ്രസിഡന്റായിരുന്ന കെ സുധാകരന്‍ നേരിട്ടെത്തിയാണ് മറിയക്കുട്ടിക്ക് വീടിന്റെ താക്കോല്‍ കൈമാറിയത്.