പോലിസിനെ ഭീഷണിപ്പെടുത്തിയെന്ന കേസ്; മരട് അനീഷ് റിമാന്‍ഡില്‍

Update: 2026-01-15 13:55 GMT

കൊച്ചി: മരട് അനീഷിനെ റിമാന്‍ഡ് ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പോലിസിനെ ഭീഷണിപ്പെടുത്തിയതിന് സെന്‍ട്രല്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മരട് അനീഷിനെ റിമാന്‍ഡ് ചെയ്തത്. ഇന്ന് രാവിലെയാണ് അനീഷിനെ മുളവുകാട് പോലിസ് അറസ്റ്റ് ചെയ്തത്. ഹണി ട്രാപ്പ് കേസിലെ പ്രതിയെ തേടിയെത്തിയപ്പോള്‍ മുളവുകാട് പോലിസ് അനീഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു

പോലിസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ തുടര്‍ച്ചയായി സമന്‍സ് അയച്ചിട്ടും മരട് അനീഷ് കോടതിയില്‍ ഹജാരായിരുന്നില്ല തുടര്‍ന്ന് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിനിനു പിന്നാലെയാണ് ഹണി ട്രാപ്പ് കേസിലെ പ്രതിയായ യുവതിയെ അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ അവിടെ അനീഷുമുണ്ടായിരുന്നു. പിന്നീട് ഇയാളെ സെന്‍ട്രല്‍ സ്റ്റേഷനിലെത്തിച്ച് ഏതെങ്കിലും കേസില്‍ വാറന്റുണ്ടോയെന്ന് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ്, പോലിസുകാരെ ആക്രമിച്ച സംഭവത്തില്‍ 2005ലെ കേസില്‍ ഇയാള്‍ക്കെതിരേ അറസ്റ്റ് വാറന്റുള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി.

അതേസമയം മരട് അനീഷിനെ അന്വേഷിച്ച് തമിഴ്‌നാട് പോലിസ് സംഘവും കൊച്ചിയിലെത്തിയിട്ടുണ്ട്. തമിഴ്നാട് പോലിസ് അനീഷിനായി കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. കേരളത്തില്‍ മാത്രം അന്‍പതോളം ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ് മരട് അനീഷ്. കുഴല്‍പ്പണം, മയക്കുമരുന്ന് കടത്ത്, വധശ്രമം, ഗുണ്ടാ ആക്രമണം തുടങ്ങിയ കേസുകളാണ് ഇയാള്‍ക്കെതിരേയുണ്ടായിരുന്നത്. തമിഴ്നാട്ടില്‍ അഞ്ചുമാസം മുന്‍പ് വാഹനത്തില്‍ ഒരു സംഘം കൊണ്ടുവന്ന സ്വര്‍ണം തടഞ്ഞുവച്ച് പിടിച്ചെടുത്ത കേസില്‍ മരട് അനീഷ് പ്രതിയായിരുന്നു. ചാവടി എന്ന സ്ഥലത്തു വച്ചാണ് അനീഷ് സ്വര്‍ണകവര്‍ച്ച നടത്തിയത്.