'ഞാന്‍ ഡല്‍ഹിയില്‍ സ്വതന്ത്രനായി വിഹരിക്കുകയാണ്,എവിടെ വരണമെന്ന് പറയൂ';ലുക്കൗട്ട് നോട്ടിസിനെതിരേ പരിഹാസവുമായി സിസോദിയ

Update: 2022-08-21 08:09 GMT

ന്യൂഡല്‍ഹി: മദ്യ നയ അഴിമതിക്കേസില്‍ ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയതിനെതിരെ പ്രതികരണവുമായി മനീഷ് സിസോദിയ.താന്‍ ഡല്‍ഹിയില്‍ തന്നെ ഉണ്ടെന്നും,എവിടെ വരണമെന്ന് പറഞ്ഞാല്‍ മതിയെന്നുമായിരുന്നു സിസോദിയയുടെ പ്രതികരണം.

'നിങ്ങളുടെ റെയ്ഡുകളെല്ലാം പരാജയപ്പെട്ടു, ഒന്നും തന്നെ ലഭിച്ചില്ല. ഒരു രൂപയുടെ പോലും കള്ളപ്പണ ഇടപാട് നടന്നതായി തെളിഞ്ഞില്ല. ഇപ്പോള്‍ നിങ്ങള്‍ മനീഷ് സിസോദിയയെ കാണാനില്ലെന്ന് പറഞ്ഞ് ലുക്കൗട്ട് നോട്ടിസ് ഇറക്കിയിരിക്കുന്നു. ഇതെന്തൊരു ഗിമ്മിക്കാണ് മോദിജി? ഞാന്‍ ഡല്‍ഹിയില്‍ സ്വതന്ത്രനായി വിഹരിക്കുകയാണ്. എവിടെ വരണമെന്ന് പറയൂ. എന്നെ നിങ്ങള്‍ക്ക് കണ്ടെത്താനായില്ലേ?'എന്നായിരുന്നു സിസോദിയയുടെ ട്വീറ്റ്.സിസോദിയയുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും സൂചനകളുണ്ട്.

മദ്യനയത്തിലെ അഴിമതി ആരോപണത്തെ തുടര്‍ന്ന് മനീഷ് സിസോദിയയുടെ വസതിയിലും മറ്റ് 31 സ്ഥലങ്ങളിലും വെള്ളിയാഴ്ച സിബിഐ റെയ്ഡ് നടത്തിയിരുന്നു.ശേഷം സിസോദിയക്കും മറ്റ് 15 പ്രതികള്‍ക്കുമെതിരെ ലുക്കൗട്ട് നോട്ടിസ് ഇറക്കിയിരുന്നു.സിസോദിയയുടെ വീട്ടില്‍ 14 മണിക്കൂര്‍ നീണ്ട പരിശോധനയ്ക്ക് ശേഷമാണ് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും ക്രമക്കേടുകളില്‍ മദ്യക്കമ്പനികളും ഇടനിലക്കാരും സജീവമായി പങ്കെടുത്തെന്നാണ് അന്വേഷണ ഏജന്‍സി ആരോപിക്കുന്നത്.

ആം ആദ്മി പാര്‍ട്ടിക്കെതിരേ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്തതിന് ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ സിസോദിയ രൂക്ഷമായ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ലുക്കൗട്ട് നോട്ടിസ്.ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെയുള്ള കേന്ദ്ര നീക്കമാണിതെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.



Tags:    

Similar News