ലോക്‌സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ മണിപ്പൂരില്‍ സ്‌ഫോടന പരമ്പര

Update: 2024-04-24 11:56 GMT

ഇംഫാല്‍: ലോക്‌സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ മണിപ്പൂരില്‍ സ്‌ഫോടന പരമ്പര. കാങ്‌പോക്പിയിലാണ് ഇടത്തരം തീവ്രതയുള്ള മൂന്ന് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. സപര്‍മെയ്‌നക്കടുത്തും ഇംഫാലിലും നാഗാലാന്‍ഡിലെ ദിമാപുരുമായി ബന്ധിപ്പിക്കുന്ന ദേശീയപാതക്കരികിലുമാണ് സ്‌ഫോടനമുണ്ടായത്. കാങ്‌പോക്പിയിലെ പാലത്തിന് കേടുപാടുണ്ടായി.

പുലര്‍ച്ചെ 1.15നാണ് കാങ്‌പോക്പിയിലെ സപര്‍മെയ്‌നക്ക് സമീപം സ്‌ഫോടനമുണ്ടായതെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവ സ്ഥലവും സമീപ പ്രദേശങ്ങളും സുരക്ഷാസേന അടച്ചു. പാലങ്ങളില്‍ ശക്തമായ പരിശോധനകളേര്‍പ്പെടുത്തി.

ഏപ്രില്‍ 11ന് ആദ്യഘട്ട തിരഞ്ഞെടുപ്പ് സമയത്തും മണിപ്പൂരിലെ ചില ഭാഗങ്ങളില്‍ അക്രമ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. പോളിങ്ങ് ബൂത്തിന് നേരെയും അക്രമികള്‍ വെടിയുതിര്‍ത്തിരുന്നു. ചില ഭാഗങ്ങളില്‍ ഇവിഎമ്മുകള്‍ നശിപ്പിച്ചതായും ബലപ്രയോഗവും ഭീഷണിപ്പെടുത്തലുകളും ഉണ്ടായതായും ആരോപണമുയര്‍ന്നിരുന്നു. ഇംഫാല്‍ ഈസ്റ്റില്‍ വെടിവെപ്പില്‍ വൃദ്ധന് പരിക്കേറ്റിരുന്നു. മണിപ്പൂരില്‍ ആദ്യഘട്ട വോട്ടെടുപ്പിനിടെ സംഘര്‍ഷമുണ്ടായ 11 ബൂത്തുകളില്‍ എപ്രില്‍ 22ന് റീ പോളിങ് നടന്നിരുന്നു

Tags:    

Similar News