മംഗളൂരുവിലെ ബജ്റങ് ദൾ നേതാവിൻ്റെ കൊല: നിരോധനാജ്ഞയ്ക്കിടെയും മൂന്നു പേര്‍ക്ക്‌ കുത്തേറ്റതായി റിപോർട്ട്

Update: 2025-05-02 14:57 GMT

മംഗളൂരു: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ബജ്‌റങ്ദള്‍ നേതാവുമായ സുഹാസ്‌ ഷെട്ടി കൊല്ലപ്പെട്ടതിന്‌ ശേഷം മംഗളൂരുവിൽ നിരോധനാജ്ഞ തുടരുമ്പോഴും അക്രമം. ചുരുങ്ങിയത്‌ മൂന്നു പേർക്ക് കുത്തേറ്റതായാണ് റിപോർട്ടുകൾ. ഉള്ളാള്‍, കൊഞ്ചടി പ്രദേശങ്ങളിലാണ്‌ കൊലപാതകശ്രമങ്ങള്‍ നടന്നത്‌. ഉള്ളാളില്‍ ഫൈസല്‍, കൊഞ്ചടിയില്‍ മുഹമ്മദ്‌ ലുഖ്‌മാന്‍, ഉഡുപ്പിയില്‍ അബൂബക്കര്‍ എന്നിവരാണ്‌ ആക്രമണത്തിന്‌ ഇരയായത്‌. സുഹാസ്‌ ഷെട്ടിയുടെ കൊലപാതകത്തിന്‌ പകരം ചോദിക്കാനെന്ന പേരിലാണ്‌ 

ഹിന്ദുത്വർ  ഈ ആക്രമണങ്ങള്‍ നടത്തിയിരിക്കുന്നത്. കണ്ണൂർ സ്വദേശി ഇർഷാദ്‌ എന്ന യുവാവ്‌ ആക്രമിക്കപ്പെട്ടതിനും ഇതുമായി ബന്ധമുണ്ടോ എന്ന്‌ മംഗളൂരു പോലിസ്‌ സംശയിക്കുന്നുണ്ട്.

ബാഡകബെട്ടു പ്രദേശത്തെ ഓട്ടോ ഡ്രൈവറായ അബൂബക്കറിനെ രാത്രി 11.15ഓടെയാണ്‌ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചത്‌. അത്രാടി ഗ്യാസ്‌ പെട്രോള്‍ ബങ്കിന്‌ സമീപമായിരുന്നു ആക്രമണം. ബൈക്കിനു പിന്നില്‍ സഞ്ചരിച്ചിരുന്ന ആളുടെ കൈയില്‍ വാളുണ്ടായിരുന്നു. അബൂബക്കറിനെ വാളുകള്‍ കൊണ്ടും കുപ്പികള്‍ കൊണ്ടും ആക്രമിച്ച സുശാന്ത്‌, സന്ദേശ്‌ പൂജാരി എന്നിവര്‍ കൊലപാതക ശ്രമം സുഹാസ്‌ ഷെട്ടിയുടെ മരണത്തിന്‌ പ്രതികാരമാണെന്ന്‌ മൊഴി നല്‍കിയിട്ടുണ്ട്‌.





കുന്തിക്കാനത്ത്‌ കസ്റ്റമർക്ക് മീന്‍ നല്‍കാന്‍ നില്‍ക്കുമ്പോഴാണ്‌ ലുഖ്‌മാന്‍ ആക്രമണത്തിന്‌ ഇരയായത്‌. കറുത്ത ഇന്നോവ കാറില്‍ എത്തിയവരാണ്‌ ലുഖ്‌മാനെ ആക്രമിച്ചത്‌. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന്‌ അടിച്ചു നിലത്തിട്ടു. കല്ലുകൊണ്ട്‌ കുത്തിക്കൊല്ലാന്‍ ശ്രമിക്കവെ പ്രദേശവാസിയായ ഒരു സ്‌ത്രീ ബഹളം വച്ചു. അക്രമികളുടെ ശ്രദ്ധ തിരിഞ്ഞപ്പോള്‍ ലുഖ്‌മാന്‍ ഓടിരക്ഷപ്പെടുകയായിരുന്നു. രാവിലെ തൊക്കോട്ടു പ്രദേശത്ത്‌ വച്ച്‌ ആലെക്കല്‍ സ്വദേശിയായ ഫൈസലിനെ ഒരു സംഘം കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. ചന്തയിലേക്ക്‌ പോവും വഴിയായിരുന്നു ആക്രമണം.



അതേസമയം, സുഹാസ്‌ ഷെട്ടിയുടെ കൊലപാതകം ആഘോഷിച്ചെന്ന് ആരോപിച്ച് Troll_mayadiaka എന്ന ഒരു ട്രോള്‍ പേജിനെതിരേ പോലിസ്‌ അന്വേഷണം ആരംഭിച്ചു. അടുത്ത വിക്കറ്റിനായി കാത്തിരിക്കൂ എന്നും ഈ ട്രോള്‍ പേജില്‍ പോസ്റ്റ് ചെയ്തിരുന്നു.

മാര്‍ച്ച്‌ 31ന്‌ ഷെട്ടിയുടെ ചിത്രം പോസ്‌റ്റ്‌ ചെയ്‌ത ഒരു ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടിന്‌ എതിരെയും അന്വേഷണം നടക്കുന്നുണ്ട്‌. മുഹമ്മദ് ഫാസിൽ, കീർത്തി കൊലക്കേസുകളിലെ മുഖ്യപ്രതിയും പശുക്കടത്തിൻ്റെ പേരിലും മറ്റും ആക്രമണം നടത്തുകയും ചെയ്തിരുന്ന വി എച്ച് പി, ബജ്റങ്ദൾ പ്രവർത്തകനായ സുഹാസ് ഷെട്ടിയെ ഇന്നലെ രാത്രി 8.15 ഓടെയാണ് അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തിയത്.

ദക്ഷിണ കന്നഡയിൽ സമാധാന അന്തരീക്ഷം നിലനിർത്താൻ മേയ് മൂന്ന് രാവിലെ 6 വരെ മദ്യവിൽപന പാടില്ലെന്ന് അധികൃതർ ഉത്തരവിറക്കിയിട്ടുണ്ട്