ധര്‍മസ്ഥലയില്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടയാള്‍ ക്രിസ്ത്യാനിയായി മതം മാറിയിരുന്നുവെന്ന് ബിജെപി; ബാലിശ നിലപാടെന്ന് മംഗളൂരു രൂപത

Update: 2025-08-17 14:01 GMT

മംഗളൂരു: കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ നിരവധി മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന് അവകാശപ്പെടുന്നയാള്‍ മതം മാറി ക്രിസ്ത്യാനിയായ ആളാണെന്നും അയാള്‍ക്ക് വിദേശസഹായം ലഭിക്കുന്നുണ്ടെന്നും ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ ആര്‍ അശോക. പ്രതിപക്ഷ നേതാവിന്റെ ഈ ആരോപണം മംഗളൂരു രൂപത തള്ളി. ആര്‍ അശോകിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് റവ. ഫാ. ജെ ബി സല്‍ദാനയും മിസ്റ്റര്‍ റോയ് കാസ്റ്റലിനോയും പറഞ്ഞു. '' പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശങ്ങള്‍ 'ബാലിശമാണ്. ഉത്തരവാദിത്തമുള്ള സ്ഥാനം വഹിക്കുന്ന ഒരാള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തരുത്. ആരോപണത്തിന് തെളിവുണ്ടെങ്കില്‍ അത് ഹാജരാക്കണം.''-ഇരുവരും ആവശ്യപ്പെട്ടു.

ധര്‍മസ്ഥലയിലെ സംഭവങ്ങളെ ക്രിസ്ത്യന്‍ ശവസംസ്‌കാരവുായി കൂട്ടിചേര്‍ത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജനാര്‍ദ്ദന പൂജാരിയുടെ പ്രസ്താവന ശരിയല്ലെന്നും ഇരുവരും പറഞ്ഞു. ക്രിസ്ത്യന്‍ സംസ്‌കാര കേന്ദ്രങ്ങള്‍ കൃത്യമായ രേഖകളോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഓരോ മൃതദേഹത്തിന്റെയും രേഖകള്‍ സൂക്ഷിക്കുമെന്നും ഇരുവരും വ്യക്തമാക്കി.

അതേസമയം, ധര്‍മസ്ഥലയില്‍ 1987 മുതല്‍ 2025 വരെ 279 മൃതദേഹങ്ങള്‍ സംസ്‌കരിച്ചതായുള്ള വിവരാവകാശ രേഖകള്‍ പുറത്തുവന്നു. ആരും തിരിച്ചറിയാത്ത മൃതദേഹങ്ങളാണ് സംസ്‌കരിച്ചതെന്നാണ് വിവരാവകാശ രേഖ പറയുന്നത്. എന്നാല്‍, ഇവയ്ക്ക് ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയ മൃതദേഹ സംസ്‌കാരങ്ങളുമായി ബന്ധമില്ല. ധര്‍മസ്ഥല ക്ഷേത്രത്തിന് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം ബിജെപി പ്രദേശത്ത് വലിയ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ക്ഷേത്രത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം.