പ്രസവശേഷം വയറില്‍ തുണിക്കഷണം; ചികില്‍സാ പിഴവില്‍ കേസെടുത്ത് പോലിസ്

മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികില്‍സാ പിഴവില്‍ പോലിസ് കേസെടുത്തു

Update: 2026-01-12 18:53 GMT

വയനാട്: മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികില്‍സാ പിഴവില്‍ പോലിസ് കേസെടുത്തു. പ്രസവിച്ച യുവതിയുടെ വയറ്റില്‍ നിന്നും തുണിക്കഷണം പുറത്തുവന്ന സംഭവത്തിലാണ് മാനന്തവാടി പോലിസിന്റെ നടപടി. മാനന്തവാടി എസ്‌ഐ എം സി പവനനാണ് അന്വേഷണ ചുമതല. പാണ്ടിക്കടവ് സ്വദേശിനിയാണ് പരാതി നല്‍കിയത്. പോലിസ് യുവതിയുടെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. ശരീരത്തില്‍നിന്നു ലഭിച്ച തുണിയുടെ കഷണം അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തു.

രണ്ട് കഷണം തുണിയാണ് ശരീരത്തില്‍നിന്നു ലഭിച്ചത്. ഇതില്‍ ഒന്ന് കഴിഞ്ഞ ദിവസം അന്വേഷണത്തിനെത്തിയ ആരോഗ്യവകുപ്പ് ഡയറക്ടറുടെ സംഘത്തിന് കൈമാറിയിരുന്നു. അസഹനീയമായ വേദനയെ തുടര്‍ന്ന് 21കാരി ആശുപത്രിയിലെത്തിയെങ്കിലും സ്‌കാനിങ്ങിന് തയാറായില്ലെന്നും പരാതിയില്‍ ആരോപിക്കുന്നു. ഇതിനു ശേഷം തുണിക്കഷണം ശരീരത്തില്‍ നിന്ന് പുറത്തുവന്നെന്നാണ് പരാതി. വിദഗ്ധ സംഘത്തിന്റെ പരിശോധയുടേയും ശാസ്ത്രീയ പരിശോധനകളുടേയും അടിസ്ഥാനത്തിലാണ് പോലിസിന്റെ നീക്കം.

മാനന്തവാടി പാണ്ടിക്കടവ് സ്വദേശിനിയായ 21 കാരിയാണ് മെഡിക്കല്‍ കോളേജിലെ സ്ത്രീരോഗവിഭാഗം ഡോക്ടര്‍ക്കെതിരേ പരാതി നല്‍കിയത്. വയറുവേദനയാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും കൃത്യമായ പരിശോധനകള്‍ നടത്താന്‍ പോലും ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നും വെള്ളം കുടിക്കാന്‍ ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും യുവതി പറഞ്ഞിരുന്നു. മന്ത്രി ഒ ആര്‍ കേളു, ഡിഎംഒ, ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. പ്രസവ ശേഷം അസഹനീയമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് തവണ ആശുപത്രിയില്‍ പോയെങ്കിലും ആശുപത്രി സ്‌കാനിങ്ങിന് തയാറായില്ല. ഡോക്ടറുടെ ശ്രദ്ധക്കുറവാണ് തുണി കുടുങ്ങാന്‍ കാരണമെന്ന് കുടുംബം ആരോപിച്ചു.