ഹരിപ്പാട്: ദേശീയപാത നിര്‍മാണ കരാറുകാര്‍ ഉപയോഗിച്ചിരുന്ന ടിപ്പര്‍ലോറി മോഷ്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തിയ കേസിലെ പ്രതി പിടിയില്‍. കണ്ണൂര്‍ നാരായണപ്പാറ ചാവശ്ശേരി ഉളിയില്‍ നൗഷാദ് (46) ആണ് ഹരിപ്പാട് പോലിസിന്റെ പിടിയിലായത്. ലോറി കടത്തിക്കൊണ്ടുപോയ കോഴിക്കോട് കൊയിലാണ്ടി കൂത്താളി പൈതോത്ത് പേരാമ്പ്ര കാപ്പുമ്മല്‍ കെ എം മുജീബ് റഹ്മാന്‍ (35), തൃശ്ശൂര്‍ ചാവക്കാട് കണ്ണിക്കുത്തി അമ്പലത്ത് എ എസ് ഷെഫീക് (25) എന്നിവരെ നേരത്തേ അറസ്റ്റുചെയ്തിരുന്നു.
ജൂണ്‍ 23ന് കരുവാറ്റ കന്നുകാലിപ്പാലത്തിനു സമീപത്തുനിന്നാണ് ലോറി മോഷണം പോയത്. വണ്ടിയില്‍ ജിപിഎസ് ഘടിപ്പിച്ചിരുന്നു. കന്യാകുമാരിയില്‍ വാഹനങ്ങള്‍ പൊളിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോയ ലോറി, ജിപിഎസ് ലൊക്കേഷന്‍ പിന്തുടര്‍ന്ന് തമിഴ്‌നാട് പോലിസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. ലോറിയിലുണ്ടായിരുന്ന മുജീബ് റഹ്മാനും ഷെഫീക്കും പിടിയിലാവുകയും ചെയ്തു.
ഉസ്മാന്‍ എന്ന ആളാണ് തങ്ങളെ ലോറി മോഷ്ടിക്കാന്‍ നിയോഗിച്ചതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്. ഇയാളുടെ ഫോണ്‍ നമ്പര്‍ തമിഴ്‌നാട് പോലിസില്‍നിന്നു ലഭിച്ചിരുന്നു. ഈ ഫോണ്‍ അന്നുമുതല്‍ സ്വിച്ച് ഓഫായിരുന്നു. പ്രതിയെപ്പറ്റി മറ്റുവിവരങ്ങളൊന്നും ലഭ്യമല്ലായിരുന്നു. തങ്ങള്‍ ആളിനെ നേരിട്ടുകണ്ടിട്ടില്ലെന്നായിരുന്നു അറസ്റ്റിലായവര്‍ പറഞ്ഞത്.
ഹരിപ്പാട് സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഉദ്യോഗസ്ഥരായ എ നിഷാദ്, സജാദ് എന്നിവര്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ താമസിച്ച് ദിവസങ്ങളോളം അന്വേഷണം നടത്തി. രണ്ടുവര്‍ഷമായി നാടുമായി ബന്ധമില്ലാത്ത ഇയാള്‍ മലപ്പുറം ജില്ലയിലെ ചേളാരി, ഫറൂഖ് എന്നിവിടങ്ങളിലാണ് താമസിച്ചിരുന്നത്. ലോറിമോഷണം നടന്നതിനു പിന്നാലെ ഇയാള്‍ മലപ്പുറത്തെ ഒരു ലോഡ്ജില്‍ മുറിയന്വേഷിച്ച് ഫോണ്‍ വിളിച്ചതായി പോലിസ് സംഘം മനസ്സിലാക്കി. പരപ്പനങ്ങാടിയിലെ ലോഡ്ജില്‍നിന്നാണ് പ്രതിയെ പിടികൂടിയത്.
