''ബംഗളൂരുവിലെ റോഡുകള്‍ മോശം; ശാരീരികവും മാനസികവുമായ ആഘാതമുണ്ടാക്കി'' 50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിബിഎംപിക്ക് നോട്ടിസ് അയച്ച് യുവാവ്
ബംഗളൂരു: കര്‍ണാടകത്തിലെ ബംഗളൂരു നഗരത്തിലെ തകര്‍ന്നതും ഗതാഗത യോഗ്യമല്ലാത്തതുമായ റോഡുകള്‍ ഉണ്ടാക്കിയ ശാരീരിക വേദനയ്ക്കും മാനസിക ആഘാതത്തിനും നഷ്ടപരിഹാരം തേടി ബൃഹത് ബെംഗളൂരു മഹാനഗര പാലികക്ക്(ബിബിഎംപി) യുവാവ് വക്കീല്‍ നോട്ടിസ് അയച്ചു. റിച്ച്മണ്ട് ടൗണില്‍ താമസിക്കുന്ന ദിവ്യ കിരണ്‍ എന്ന യുവാവാണ് നോട്ടിസ് അയച്ചത്. നഗരത്തിലെ റോഡുകളില്‍ സഞ്ചരിച്ചതി മൂലം കഴുത്ത് വേദനയും പുറം വേദനയും ഉണ്ടായെന്ന് നോട്ടിസില്‍ പറയുന്നു. പലതവണ ചികില്‍സ തേടി. യാത്ര ചെയ്യുന്നതിന്റെ കുഴപ്പമാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. താന്‍ വിധേയനായ ചികില്‍സകളുടെയും കഴിച്ച മരുന്നുകളുടെയും വിവരങ്ങളും അദ്ദേഹം പുറത്തുവിട്ടു. വൈകാരികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരവും മെഡിക്കല്‍ കണ്‍സള്‍ട്ടേഷനുകള്‍ക്കുള്ള യാത്രാ ചെലവുകളും 15 ദിവസത്തിനുള്ളില്‍ നല്‍കണമെന്ന് നോട്ടിസില്‍ ആവശ്യമുണ്ട്.