മധുവിന് ശേഷം വീണ്ടും ആള്‍ക്കൂട്ട വിചാരണ; കൊല്ലപ്പെട്ട ഛത്തീസ്ഗഢ് സ്വദേശിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല

Update: 2025-12-19 07:06 GMT

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തിന് ഏഴുവര്‍ഷങ്ങള്‍ക്കിപ്പുറം, സമാന സാഹചര്യത്തില്‍ വാളയാറില്‍ വീണ്ടും ആള്‍ക്കൂട്ട ക്രൂരത അരങ്ങേറി. മോഷണക്കുറ്റമാരോപിച്ച് നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ച അതിഥിത്തൊഴിലാളി രാംനാരായണ്‍ ജില്ലാ ആശുപത്രിയില്‍ മരിക്കുകയായിരുന്നു. എന്നാല്‍ കൊല്ലപ്പെട്ട ഛത്തീസ്ഗഢ് സ്വദേശിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല. ഇയാള്‍ മരിക്കുന്നതിന്റെ നാലു ദിവസം മുന്‍പാണ് കേരളത്തിലെത്തിയത്.

മോര്‍ച്ചറിയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍, രാംനാരായണന്റെ ശരീരമാകെ ഗുരുതര പരിക്കുകള്‍ കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇടുപ്പ്, കൈ, തലയില്‍ ചെവിയോട് ചേര്‍ന്ന ഭാഗം എന്നിവിടങ്ങളില്‍ സാരമായ പരിക്കുകളുണ്ട്. പുറം മുഴുവന്‍ വടികൊണ്ട് അടിച്ചതിന്റെ ചതവുകളും കണ്ടെത്തിയിട്ടുണ്ട്. ആന്തരാവയവങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ടെന്ന സംശയവും നിലനില്‍ക്കുന്നു.മര്‍ദനത്തിനിടയില്‍ രാംനാരായണന്‍ ചോര ഛര്‍ദിച്ച ശേഷം കുഴഞ്ഞുവീണതായും, പിന്നീട് നാട്ടുകാര്‍ ആശുപത്രിയിലേക്ക് മാറ്റിയതായുമാണ് പോലിസ് വ്യക്തമാക്കുന്നത്. സംഭവസ്ഥലത്ത് രക്തക്കറകളും കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മതിലിനോട് ചേര്‍ത്തിരുത്തി ഒരാള്‍ ഇയാളെ തലയില്‍ ഉള്‍പ്പെടെ മര്‍ദിക്കുന്നതും, 'നിന്റെ നാട് ഏതാണ്' എന്ന ചോദ്യങ്ങള്‍ക്ക് അവശനിലയില്‍ മറുപടി പറയാന്‍ ശ്രമിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. രക്തം വാര്‍ന്ന നിലയില്‍ പാതയോരത്ത് കിടക്കുന്ന ചിത്രങ്ങളും പുറത്തുവന്നു.

ഇതോടെ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് മരിച്ച ആദിവാസി യുവാവ് മധുവിന്റെ വാര്‍ത്ത വീണ്ടും മലാളികളില്‍ ചര്‍ച്ചയായിരിക്കുകയാണ്‌. 2018 ഫെബ്രുവരി 22നാണ് മധു മര്‍ദനമേറ്റ് മരിച്ചത്. മോഷണക്കുറ്റം ആരോപിച്ച് വൈകീട്ട് മൂന്നുമണിയോടെ മധുവിനെ പിടിച്ചുകൊണ്ടുവന്ന ഒരു സംഘം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തലയ്‌ക്കേറ്റ മര്‍ദനമായിരുന്നു മരണകാരണം. ഒരു വാരിയെല്ല് തകരുകയും ചെയ്തിരുന്നു. മധുവിനെ പിടികൂടിയവര്‍ മര്‍ദിച്ച് അവശനാക്കിയശേഷം പോലിസിനെ അറിയിച്ചപ്പോഴേക്കും മണിക്കൂറുകള്‍ കടന്നുപോയിരുന്നു. പോലിസെത്തി ജീപ്പില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മധു പലതവണ ഛര്‍ദിച്ചതായും പറഞ്ഞിരുന്നു. അന്ന് മധുവിനെ കെട്ടിയിട്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രാദേശിക ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചതാണ് പിന്നീട് അന്വേഷണത്തില്‍ നിര്‍ണായകമായത്.

Tags: