പ്രണയത്തെ ചൊല്ലിയുള്ള തര്‍ക്കം; സഹോദരിയെ കനാലില്‍ മുക്കിക്കൊന്ന് യുവാവ്

Update: 2025-10-07 10:18 GMT

ഗോരഖ്പൂര്‍: പ്രണയബന്ധത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ സ്വന്തം സഹോദരിയെ യുവാവ് കൊലപ്പെടുത്തി. കനാലില്‍ മുക്കിക്കൊന്ന ശേഷമാണ് പ്രതി മൃതദേഹത്തിനരികില്‍ ഇരുന്ന് പോലിസിനെ വിളിച്ച് കുറ്റസമ്മതം നടത്തിയത്.

19 വയസുകാരിയായ നിത്യ യാദവിനെയാണ് സഹോദരന്‍ ആദിത്യ യാദവ് കൊലപ്പെടുത്തിയത്. 12ാം ക്ലാസ് വിദ്യാര്‍ഥിനിയായ നിത്യ കഴിഞ്ഞ മൂന്നുവര്‍ഷമായി ഒരാളുമായി പ്രണയത്തിലായിരുന്നു. ഹിന്ദു സംസ്‌കാരത്തില്‍ വിവാഹിത സ്ത്രീകളുടെ അടയാളമായ സിന്ദൂരം നിത്യ നെറ്റിയില്‍ തൊടുന്നത് ആദിത്യ കണ്ടതോടെയാണ് തര്‍ക്കം രൂക്ഷമായത്. പല തവണ മനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും നിത്യ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറായില്ല.

ഞായറാഴ്ച വീട്ടില്‍ നിന്നിറങ്ങിയ നിത്യ രാത്രിയായിട്ടും മടങ്ങിയെത്തിയില്ല. പിറ്റേന്ന് പെണ്‍കുട്ടിയെയും ആണ്‍സുഹൃത്തിനെയും സമീപത്തെ ഒരു റെസ്റ്റോറന്റില്‍ ആദിത്യ കണ്ടെത്തി. വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോകാനായി ശ്രമിച്ചെങ്കിലും നിത്യ തീരുമാനത്തില്‍ ഉറച്ചു നിന്നു. അതോടെ ആദിത്യ സഹോദരിയെ കൂട്ടി വീട്ടില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ തലക്ക് അടിക്കുകയും പരിക്കേറ്റ സഹോദരിയെ കനാലിലേക്ക് തള്ളിയിടുകയും ചെയ്തു.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും നിയമനടപടികള്‍ പുരോഗമിക്കുകയാണെന്നും ഗോരഖ്പൂര്‍ പോലിസ് സൂപ്രണ്ട് ജിതേന്ദ്ര ശ്രീവാസ്തവ അറിയിച്ചു.

Tags: