മദ്യപിച്ച് കാറോടിച്ച് യുവാവ്; 15 ബൈക്കുകള്‍ തകര്‍ത്തു

Update: 2025-08-09 14:41 GMT

കൊച്ചി: മദ്യപിച്ച് ലക്കുകെട്ട് കാറുമായി റോഡില്‍ ഇറങ്ങിയ യുവാവ് 15ഓളം ബൈക്കുകള്‍ ഇടിച്ചുതെറിപ്പിച്ചു.ഇന്നലെ രാത്രി 11.30ഓടെ കുണ്ടന്നൂര്‍ ജങ്ഷനിലാണ് സംഭവം. സംഭവത്തില്‍ കൊല്ലം അഞ്ചല്‍ സ്വദേശി മഹേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. തൃപ്പൂണിത്തുറയില്‍ താമസിക്കുന്ന മഹേഷ് സഹോദരിക്കും പെണ്‍സുഹൃത്തിനുമൊപ്പം കാറില്‍ വരുമ്പോഴായിരുന്നു അപകടങ്ങളുണ്ടാക്കിയത്. പ്രദേശത്ത് നിര്‍ത്തിയിട്ട ബൈക്കുകളിലാണ് കാര്‍ കൊണ്ടിടിച്ചത്. ബൈക്കുകള്‍ വലിയ കേടുപാടുകള്‍ സംഭവിച്ചു.

നാട്ടുകാര്‍ തടിച്ചുകൂടിയതോടെ പോലിസും സ്ഥലത്തെത്തി. എന്നാല്‍ കാറിനു പുറത്തിറങ്ങിയ മഹേഷ് നാട്ടുകാരെ അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. അതിനാല്‍, പോലിസ് മഹേഷിനെ സ്ഥലത്തുനിന്നും മാറ്റി. മദ്യപിച്ച് അപകടകരമായി വാഹനമോടിച്ചതിന് കേസെടുത്ത ശേഷം മഹേഷിനെ ജാമ്യത്തില്‍ വിട്ടയച്ചു.