വിജയിയുടെ ടിവികെ റാലിക്കിടെ വീണ്ടും മരണം
കഴഞ്ഞുവീണ 37കാരനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
ചെന്നൈ: വിജയിയുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം(ടിവികെ)സേലത്ത് സംഘടിപ്പിച്ച രാഷ്ട്രീയ റാലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മഹാരാഷ്ട്ര സ്വദേശി സൂരജാ(37)ണ് മരിച്ചത്. മൂന്നു മണിക്കൂറോളം വെയിലത്ത് നിന്നതിനാല്‍ നിര്‍ജലീകരണം ഉണ്ടായതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചയാളെ പാര്‍ട്ടി അവഗണിക്കില്ലെന്ന് ടിവികെ അറിയിച്ചു.
കഴഞ്ഞു വീണ സൂരജിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരിന്നുവെന്നും പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മഹാരാഷ്ട്ര സ്വദേശിയായ സൂരജ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലി തേടിയാണ് തമിഴ്നാട്ടിലെത്തിയത്. സൂരജ് കുടുംബത്തോടൊപ്പം സേലത്തായിരുന്നു താമസം. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. സംഭവത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
സെപ്റ്റംബറില്‍ ഉണ്ടായ കരൂര്‍ ദുരന്തത്തിനു പിന്നാലെ ടിവികെയുടെ റാലികള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കരൂരില്‍ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ കൊല്ലപ്പെട്ടിരുന്നു. നാലു മാസങ്ങള്‍ക്കിപ്പുറം അഞ്ചു ജില്ലകളെ ഏകോപിപ്പിച്ചുകൊണ്ട് സേലത്ത് നടത്തിയ പൊതുസമ്മേളനത്തിനിടെണ് ഒരാള്‍ മരിച്ചത്. സൂരജിന് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നതായി പോലിസ് അറിയിച്ചു.
കഴിഞ്ഞ കുറച്ചു മാസങ്ങളായി വിജയിയുടെ രാഷ്ട്രീയ പ്രവേശനം തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു. എന്നാല്‍ തുടര്‍ച്ചയായി സമാന അപകടങ്ങള്‍ പാര്‍ട്ടിയുടെ സംഘാടന മികവിനെ ചോദ്യം ചെയ്യുന്നതായും വിമര്‍ശനമുയരുന്നുണ്ട്. അതേസമയം 5,000 പേര്‍ പങ്കെടുക്കേണ്ട പരിപാടിയില്‍ 7,000 പേര്‍ പങ്കെടുത്തതില്‍ പോലിസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ ടിവികെ, മരിച്ചയാളെ പാര്‍ട്ടി അവഗണിക്കില്ലന്നും വ്യക്തമാക്കി.
