മരം ശരീരത്തില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

Update: 2025-05-27 03:46 GMT

പത്തനാപുരം: കാറ്റിലും മഴയിലും ഒടിഞ്ഞുതൂങ്ങിയ റബ്ബര്‍മരം വെട്ടിമാറ്റാന്‍ പോയ ഗൃഹനാഥന്‍ മരം ദേഹത്തുവീണ് മരിച്ചു. പട്ടാഴി മൈലാടുംപാറ ടര്‍ക്കി ജങ്ഷന്‍ പാലമൂട്ടില്‍വീട്ടില്‍ ബൈജു വര്‍ഗീസാണ് (സാബു55) മരിച്ചത്. മരം വെട്ടിമാറ്റാന്‍ വെട്ടുകത്തിയുമായി വീട്ടില്‍നിന്നു പോയ ബൈജു മടങ്ങിയെത്താത്തതിനെത്തുടര്‍ന്ന് തിരക്കിച്ചെന്ന സഹോദരനാണ് ഒടിഞ്ഞമരത്തിന്റെ ഭാഗം ശരീരത്തില്‍ പതിച്ച് വീണുകിടക്കുന്നനിലയില്‍ കണ്ടത്. രണ്ടുദിവസംമുന്‍പുണ്ടായ കാറ്റിലും മഴയിലും തോട്ടത്തിലെ വലിയ റബര്‍മരത്തിന്റെ പകുതിക്കു മുകളിലുള്ള ഭാഗം ഒടിഞ്ഞ് മറ്റുമരങ്ങളില്‍ തങ്ങി നില്‍ക്കുകയായിരുന്നു.

തിങ്കളാഴ്ച പകല്‍ 11 മണിയോടെ മരം വെട്ടിമാറ്റാനെന്നു പറഞ്ഞ് വീട്ടില്‍നിന്ന് തോട്ടത്തിലേക്ക് പോകുകയായിരുന്നു. മൂന്നുമണിയായിട്ടും വീട്ടില്‍ എത്താതിരുന്നതോടെയാണ് ജ്യേഷ്ടന്‍ ജിജി വര്‍ഗീസ് തിരക്കിച്ചെന്നത്. ഭാര്യ: പ്രിയ. മക്കള്‍: അലന്‍, അലീന.