വന്ദേഭാരത് ട്രെയിനിന്റെ ശുചിമുറിയില്‍ പാമ്പിനെ തുറന്നുവിട്ടു; യുവാവ് അറസ്റ്റില്‍
മുംബൈ: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ ശുചിമുറിയില്‍ പാമ്പിനെ തുറന്നുവിട്ടയാളെ പിടികൂടി റെയില്‍വെ പോലിസ്. ഡിസംബര്‍ 27ന് മുംബൈ സോലാപുര്‍ വന്ദേഭാരത് ട്രെയിനിന്റെ ശുചിമുറിയില്‍ പാമ്പിനെ തുറന്നുവിട്ട മഹാരാഷ്ട്രയിലെ നാസിക് സ്വദേശി ജഗന്‍ അര്‍ജുന്‍ ഭാലെ(37)യാണ് ശനിയാഴ്ച റെയില്‍വേ പോലിസിന്റെ പിടിയിലായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് സെന്‍ട്രല്‍ ആര്‍പിഎഫ് പ്രതിയെ തിരിച്ചറിഞ്ഞത്.
ട്രെയിന്‍ നമ്പര്‍ 22225ലെ കോച്ച് സി 16ലെ ശുചിമുറിയിലാണ് പാമ്പിനെ കണ്ടെത്തിയത്. യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടതിനു പിന്നാലെ റെയില്‍വെ ജീവനക്കാരെ വിവരം അറിയിച്ചു, തുടര്‍ന്ന് റെയില്‍വേ ജീവനക്കാര്‍ ശുചിമുറി പൂട്ടി കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചു. ട്രെയിന് സോലാപുരിലെത്തിയ ശേഷം പാമ്പുപിടിത്തക്കാരന്റെ സഹായത്തോടെ പാമ്പിനെ പുറത്തെടുക്കുകയായിരുന്നു. സുരക്ഷാ സംവിധാനങ്ങളുള്ള ട്രെയിനില്‍ പാമ്പ് കയറിക്കൂടിയതില്‍ അസ്വാഭാവികത തോന്നിയ ഉദ്യോഗസ്ഥര്‍, കോച്ചിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ ഒരാള്‍ പാമ്പിനെ തുറന്നുവിടുകയായിരുന്നു എന്ന് കണ്ടെത്തി.
താനെയില്‍നിന്ന് ട്രയിനില്‍ കയറിയ ജഗന്‍ ശുചിമുറിയിലേക്ക് പാമ്പിനെ തുറന്നുവിടുന്നത് ട്രെയിനിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ആര്‍പിഎഫ് നടത്തിയ അന്വേഷണത്തില്‍ ജഗന്‍ അര്‍ജുന്‍ ബാലെയാണ് ഇയാളെന്ന് തിരിച്ചറിയുകയായിരുന്നു. കല്യാണിലെ റെയില്‍വേ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാലു ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രതി കുറ്റം സമ്മതിച്ചതായും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.