പോലിസ് വേഷത്തിലെത്തി പണവും സ്വര്‍ണവും കവര്‍ന്ന പ്രതി പിടിയില്‍

Update: 2022-08-09 10:24 GMT

തിരുവല്ല:പോലിസ് വേഷത്തിലെത്തി പണവും സ്വര്‍ണാഭരണവും കവര്‍ന്ന യുവാവ് പോലിസ് പിടിയില്‍.ചെങ്ങന്നൂര്‍ ഇടനാട് മാലേത്ത് പുത്തന്‍ വീട്ടില്‍ അനീഷ് (36) ആണ് ഇന്ന് രാവിലെ പുളിക്കീഴ് പോലിസിന്റെ പിടിയിലായത്.

നിരവധി പേരില്‍ നിന്ന് ഇയാള്‍ ഇത്തരത്തില്‍ കവര്‍ച്ച നടത്തിയിട്ടുണ്ട്.കാല്‍ നടയാത്രക്കാരെയും ഇരുചക്രവാഹന യാത്രക്കാരെയും പോലിസ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ പണവും സ്വര്‍ണാഭരണങ്ങളും തട്ടിയിരുന്നത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസമായി പോലിസ് മഫ്തിയില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. തട്ടിപ്പിന് ഇരയായ ആളുമായി ഇരമല്ലിക്കര പാലത്തിന് സമീപം പോലിസ് സംഘം സംസാരിച്ചു നില്‍ക്കുന്നതിനിടെ അനീഷ് ബൈക്കില്‍ അതുവഴി കടന്നുപോവുകയായിരുന്നു.ഇയാളെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് പോലിസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

പോലിസ് വേഷത്തില്‍ ബൈക്കില്‍ കറങ്ങുന്ന അനീഷ്, മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെയും,ലൈസന്‍സും ഹെല്‍മെറ്റുമില്ലാതെ യാത്ര ചെയ്യുന്നവരേയും തടഞ്ഞുനിര്‍ത്തി പെറ്റി എന്ന പേരില്‍ പണം തട്ടിയിരുന്നു.കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ ഇയാള്‍ പുളിക്കീഴ് വെച്ച് സ്‌കൂട്ടറില്‍ വരികയായിരുന്ന പരുമല സ്വദേശി വിജയന്റെ വാഹനം തടഞ്ഞ ശേഷം വാഹന രേഖകള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടു. രേഖകള്‍ കൈവശമില്ലെന്ന് അറിയിച്ചപ്പോള്‍ വിജയന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കൈയിട്ട് 5000 രൂപയും,കാതില്‍ കിടന്നിരുന്ന കടുക്കനും ഊരിയെടുക്കുകയായിരുന്നു. തുടര്‍ന്ന് സ്‌റ്റേഷനിലേക്കെന്ന വ്യാജേനെ ബൈക്കില്‍ കയറ്റിയ വിജയനെ പുളിക്കീഴ് പാലത്തിന് സമീപം ഇറക്കിവിട്ട ശേഷം കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് വിജയന്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.