മാമിയുടെ തിരോധാനം: ലോക്കല്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ക്രൈംബ്രാഞ്ച്

Update: 2025-07-31 05:24 GMT

കോഴിക്കോട്: റിയല്‍ എസ്‌റ്റേറ്റ് ഇടനിലക്കാരന്‍ മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ലോക്കല്‍ പോലിസിന് ഗുരുതര വീഴ്ച്ചയുണ്ടായെന്ന് െ്രെകംബ്രാഞ്ച്. 2023 ആഗസ്റ്റ് 21ന് മാമിയെ കാണാതായെന്ന ഭാര്യ റംലത്തിന്റെ പരാതിയില്‍ ആദ്യം അന്വേഷണം നടത്തിയ നടക്കാവ് ലോക്കല്‍ പോലിസ് സംഘത്തിലെ അന്നത്തെ ഇന്‍സ്‌പെക്ടര്‍ പി കെ ജിജീഷ്, എസ്‌ഐ ബിനു മോഹന്‍, സീനിയര്‍ സിപിഒ എം വി ശ്രീകാന്ത്, കെ കെ ബിജു എന്നിവര്‍ക്കെതിരെ വകുപ്പുതല അന്വേഷണം വേണമെന്ന് ഉത്തരമേഖല ഐജി രാജ്പാല്‍ മീണ ഉത്തരവിട്ടു.ക്രൈംബ്രാഞ്ച്‌ എഡിജിപിയുടെ റിപോര്‍ട്ടിലാണു നടപടി.

ജില്ലയിലെ ക്രമസമാധാനപാലനത്തില്‍ ഉള്‍പ്പെടാത്ത അസിസ്റ്റന്റ് കമ്മിഷണര്‍ക്കാണ് അന്വേഷണ ചുമതല. 60 ദിവസത്തിനകം റിപോര്‍ട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 'മാന്‍ മിസ്സിങ്' കേസില്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിനു മേല്‍നോട്ടം വഹിച്ചതിനാലാണ് ഇന്‍സ്‌പെക്ടര്‍ക്കെതിരെയും അന്വേഷണം. കേസിന്റെ പ്രാഥമിക അന്വേഷണത്തില്‍ പ്രധാന സ്ഥലങ്ങളില്‍നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അടിയന്തര ശ്രമം നടത്തിയില്ലെന്നും സുപ്രധാന സൂചനകള്‍ നല്‍കുന്ന വിവരങ്ങളില്‍ ഗുരുതരമായ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച്‌  റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.