ബംഗാളികളെ വിദേശികളാക്കി ചിത്രീകരിക്കുന്ന ബിജെപിക്കെതിരെ കൊല്‍ക്കത്തയില്‍ ഇന്ന് പ്രതിഷേധം
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ സ്വദേശികളെ വിദേശികളാക്കി ചിത്രീകരിക്കുന്ന ബിജെപിയുടെ നടപടികള്‍ക്കെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിഷേധം ഇന്ന്. തൃണമൂല്‍ നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി പ്രതിഷേധത്തിന് നേതൃത്വം നല്‍കും. ഉച്ചയ്ക്ക് ഒരു മണിയോടെ കോളജ് സ്‌ക്വയറില്‍ നിന്നും ദോറിന ക്രോസിങ്ങിലേക്കാണ് മാര്‍ച്ച്. മാര്‍ച്ചില്‍ ലക്ഷങ്ങള്‍ പങ്കെടുക്കുമെന്നതിനാല്‍ നഗരത്തിലെ ഗതാഗതം പുനക്രമീകരിച്ചിട്ടുണ്ട്.ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ ബംഗാളില്‍ നിന്നുള്ള തൊഴിലാളികളെ പിടികൂടി നാടുകടത്തുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. നിരവധി പേരെയാണ് ബംഗ്ലാദേശികളെന്ന് പറഞ്ഞ് ബിജെപി സര്‍ക്കാരുകള്‍ തടങ്കലില്‍ വയ്ക്കുന്നത്. നിയമനടപടികള്‍ പോലും പാലിക്കാതെ നിരവധി പേരെ അതിര്‍ത്തിയിലേക്ക് തള്ളിവിടുന്നുണ്ട്.